ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭകര്‍ എന്ന നിലയില്‍ മൂന്ന് പോണ്‍ താരങ്ങളുടെ ചിത്രങ്ങള്‍ റീട്വീറ്റ് ചെയ്ത മുന്‍ പാക് മന്ത്രി സോഷ്യല്‍മീഡിയ ട്രോളുകളില്‍ കുടുങ്ങി. മുന്‍ പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് ആണ് ട്രോളുകളില്‍ കുടുങ്ങിയത്. മണ്ടത്തരം മനസിലാക്കി അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചെങ്കിലും അതിനകം തന്നെ അത് സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

'അക്ഷയ്' എന്ന ഇന്ത്യന്‍ ട്വിറ്റര്‍ ഉപയോക്താവാണ് റഹ്മാന്‍ മാലിക്കിനെ കബളിപ്പിച്ചത്. മിയ ഖലീഫ അടക്കം മൂന്ന് പോണ്‍ താരങ്ങളുടെ ചിത്രങ്ങളാണ് അക്ഷയ്  റഹ്മാന്‍ മാലിക്കിനെ ടാഗ് ചെയ്ത് കൊണ്ട് പങ്കുവെച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ എന്ന നിലയിലായിരുന്നു അക്ഷയ് അത് പോസ്റ്റ് ചെയ്തത്.

'റഹ്മാന്‍ മാലിക് സര്‍, ഇന്ത്യന്‍ പ്രാദേശിക സിനിമകളിലെ സ്വാധീനമുള്ള നടിമാരായ ഇവര്‍ ഹിജാബ് ധരിച്ച് പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന ഇന്ത്യന്‍ മുസ്ലിങ്ങളോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. അവര്‍ക്ക് സല്യൂട്ട്. മോദി ഉടന്‍ രാജിവയ്ക്കും.' - അക്ഷയ് ട്വീറ്റ് ചെയ്തു. 

tweet

റഹ്മാന്‍ മാലിക് ഈ പോസ്റ്റ് റീട്വീറ്റ് ചെയ്തു. 'ദൈവം അവരെ അനുഗ്രഹിക്കട്ടെ' എന്ന കുറിപ്പോടെയാണ് അദ്ദേഹം ട്വീറ്റ് റീ ട്വീറ്റ് ചെയ്തത്. ഇതോടെയാണ് ട്രോളുകളുമായി ആളുകള്‍ രംഗത്തെത്തിയത്‌.

റഹ്മാന്‍ മാലിക്  മിയ ഖലീഫയ്ക്ക് ദൈവത്തിന്റെ അനുഗ്രഹം ആശംസിക്കുന്നു എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

മണ്ടത്തരം മനസിലാക്കിയതോടെ റഹ്മാന്‍ മാലിക് ട്വീറ്റ് നീക്കം ചെയ്തു. പക്ഷേ അപ്പോഴേക്കും റഹ്മാന്‍ മാലിക്കിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

Content Highlights: Former Pak Minister Rehman Malik Gets Trolled For Mistaking porn stars For An Indian Muslim Protesting CAA