പ്രതീകാത്മക ചിത്രം | Photo: Getty Images
ഒട്ടാവ: കാനഡയില്‍ വിദേശികള്‍ക്ക് വീട് വാങ്ങാന്‍ രണ്ട് വര്‍ഷത്തേക്ക് വിലക്ക്. കാനഡയിലെ പൗരന്മാര്ക്ക് വീട് ലഭിക്കാതെ വന്നതിനെ തുടർന്ന് അവര്‍ക്ക് കൂടുതല്‍ താമസ സ്ഥലങ്ങള്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. എന്നാല്‍, അഭയാര്‍ഥികള്‍ക്കും പെര്‍മനന്റ് റെസിഡന്‍സ് ലഭിച്ച വിദേശികള്‍ക്കും വിലക്കില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
നഗരപ്രദേശങ്ങളിലുള്ള താമസസ്ഥലങ്ങള്‍ക്കു മാത്രമായിരിക്കും ഇത്തരത്തില്‍ വിലക്കുണ്ടാകുക. വേനല്‍ക്കാല വസതികള്‍ പോലുള്ള വിശ്രമസ്ഥലങ്ങള്‍ വാങ്ങുന്നതിന് വിലക്കില്ല. വാന്‍കൂവറിലും ടൊറന്റോയിലും വിദേശികള്‍ക്ക് വീടുവാങ്ങുന്നതിന് പ്രത്യേക നികുതിയേര്‍പ്പെടുത്തിയിരുന്നു.
കാനഡയില്‍ വീടുകളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചതോടെ തദ്ദേശവാസികള്‍ക്ക് താമസസ്ഥലം ലഭ്യമല്ലാത്ത സ്ഥിതിയുണ്ടായിരുന്നു. 2021-ലെ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ പ്രധാന വാഗ്ദാനവും വിദേശികള്‍ വീട് വാങ്ങുന്നതില്‍ നിയന്ത്രണം കൊണ്ടുവരുമെന്നതായിരുന്നു. കനേഡിയന്‍ ഭവനങ്ങള്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നുവെന്നും ഇതാണ് വീടുകളുടെ വിലയുയര്ത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ വിദേശ നിക്ഷേപകര്‍ സ്വന്തമാക്കുന്ന പല വീടുകളും ഒഴിഞ്ഞു കിടക്കുകയാണെന്നും വീടുകള്‍ക്ക് നിക്ഷേപകര്‍ക്കുള്ളതല്ല മറിച്ച് ആളുകള്‍ക്ക് താമസിക്കാനുള്ളതാണെന്നും അദ്ദേഹം അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടി അധികാരത്തിലെത്തിയതോടെ വിദേശപൗരന്മാര്ക്ക് കാനഡയില്‍ വീടുവാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, കാനഡയില്‍ അഞ്ച് ശതമാനത്തില്‍ താഴെമാത്രമാണ് വിദേശികളുള്ളത്. അതുകൊണ്ടുതന്നെ വീടുകള്‍ വാങ്ങുന്നതില്‍ നിയന്ത്രണം ഏർപ്പെടുത്തുന്നത് വീടുകളുടെ വില കുറയാന്‍ സഹായിക്കില്ലെന്നും പകരം, കനേഡിയന്‍ പൗരന്മാര്ക്ക് കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചുനല്‍കുകയാണ് വേണ്ടതെന്നുമാണ് വിദഗ്ദ്ധരുടെ അഭിപ്രായം
Content Highlights: foreigners are banned from buying house in canada
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..