ജക്കാര്‍ത്ത: ഇൻഡൊനീഷ്യയിലും സമീപരാജ്യമായ കിഴക്കന്‍ ടിമോറിലും ഞായറാഴ്ചയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 70 കടന്നു. കിഴക്കന്‍ ഇൻഡൊനീഷ്യയിലെ ഫ്‌ളാര്‍സ് ദ്വീപ് മുതല്‍ കിഴക്കന്‍ ടിമോര്‍ വരെയുള്ള ഭാഗങ്ങളിലെ ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിലായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

Indonesia
Photo : AP

മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും മൂലം അണക്കെട്ടുകള്‍ കവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് വീടുകളില്‍ വെള്ളം കയറിയത്. കാണാതായ നിരവധി പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 42 പേരെ കാണാതായതായി ഇൻഡൊനീഷ്യന്‍ ദുരിതനിവാരണസേന വക്താവ് രാദിത്യ ദിജതി അറിയിച്ചു. പ്രതികൂല കാലാവസ്ഥ തിരച്ചില്‍ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഭക്ഷണത്തിന്റേയും മറ്റ് അവശ്യവസ്തുക്കളുടേയും നീക്കത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. 

Indonesia
Photo : AFP

വീടുകളില്‍ വെള്ളവും ചെളിയും കയറിയതിനെ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്തു. കനത്ത മഴയും വെള്ളപ്പാച്ചിലും മൂലം രക്ഷാസേനയ്ക്ക് വിദൂരപ്രദേശങ്ങളിലേക്ക് എത്തിച്ചേരാന്‍ പ്രയാസം നേരിട്ടിരിക്കുകയാണ്. വീടുകളും പാലങ്ങളും റോഡുകളും ചെളി നിറഞ്ഞിരിക്കുകയാണ്. ഗുരുതരമായി ബാധിക്കപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങളെ സമീപ ഗ്രാമങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 

Indonesia
Photo : AP

കിഴക്കന്‍ ഫ്‌ളാര്‍സില്‍ അറുപതോളം പേര്‍ മരിച്ചതായി ഡെപ്യൂട്ടി റീജന്റ് അഗസ്റ്റിനസ് പയോങ് ബോലി അറിയിച്ചു. അതില്‍ ഭൂരിഭാഗം പേരും ലെമാനിലെ ഗ്രാമത്തിലുള്ളവരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലെമാനിലെ ഗ്രാമത്തിലെ വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. റോഡുകളില്‍ മാലിന്യങ്ങളും കെട്ടിടവാവശിഷ്ടങ്ങളും അടിഞ്ഞു കൂടി. നിരവധി മരങ്ങള്‍ കടപുഴകി. വൈദ്യുതിബന്ധവും താറുമായി. 

Indonesia
Photo : AFP

റോഡുകളിലെ തടസ്സം മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഫ്‌ളാര്‍സിനും ടിമോറിനും ഇടയിലുള്ള ലെംബാതയില്‍ ഒരു മലഞ്ചെരുവ് ഗ്രാമത്തിലെ ഒട്ടു മിക്ക വീടുകളും തകര്‍ന്ന് താഴേക്ക് പതിച്ചതായി ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ഈ ഗ്രാമത്തിലെ ജനങ്ങള്‍ ചെളിയിലൂടെ നടന്ന് സുരക്ഷിത സ്ഥാനങ്ങള്‍ തേടി പോകുന്നതിന്റെ ചിത്രങ്ങളും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ശക്തമായ വെള്ളപ്പൊക്കമുണ്ടായ ബിമയില്‍ നിന്ന് പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു. ഇവിടെ രണ്ട് പേര്‍ മരിച്ചു. 

Indonesia
Photo : AP

മഴക്കാലത്ത് കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഇൻഡൊനീഷ്യയില്‍ സാധാരണമാണ്. ജനുവരിയില്‍ പടിഞ്ഞാറന്‍ ജാവയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 40 പേര്‍ മരിച്ചിരുന്നു. ഇൻഡൊനീഷ്യന്‍ ജനതയുടെ പകുതി പേരും മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലാണ് അധിവസിക്കുന്നതെന്നാണ് ദുരന്തസേനയുടെ കണക്കുകൂട്ടല്‍. വനനശീകരണമാണ് പ്രകൃതിദുരന്തത്തിന് കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. 

 

Content Highlights: Flash floods in Indonesia and Timor Leste