പാരിസ്: ഒരാഴ്ചയിലേറെയായി തുടരുന്ന കാറ്റും മഴയുംമൂലം ജര്‍മനിയിലും ഫ്രാന്‍സിലും വെള്ളപ്പൊപ്പം. ഇരുരാജ്യങ്ങളിലുമായി 17 പേര്‍ മരിച്ചു.

ഓസ്ട്രിയന്‍ അതിര്‍ത്തി, ബവേറിയ തുടങ്ങിയ ജര്‍മനിയുടെ വിവിധ ഭാഗങ്ങളിലും ഫ്രാന്‍സിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും അതിശക്തമായ മഴയാണ് പെയ്തത്. ജര്‍മനിയുടെ ഓസ്ട്രിയന്‍ അതിര്‍ത്തിയില്‍ മാത്രം 24 മണിക്കൂറിനിടെ 78 സെന്റീമീറ്റര്‍ മഴ ലഭിച്ചു.

പ്രളയത്തെ തുടര്‍ന്ന് ഫ്രാന്‍സിന്റെ വിവിധ മേഖലകളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് പ്രത്യേക ധനസഹായം നല്‍കുമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

നദികളെല്ലാം കരകവിഞ്ഞൊഴുകി. പാരീസിലെ മെട്രോ ഗതാഗതം നിര്‍ത്തിവെച്ചു. നിരവധി പേര്‍ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളില്‍നിന്ന് പലായനം ചെയ്യുകയാണ്. ഇരുരാജ്യങ്ങളും ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനമാണ് നടത്തിവരുന്നത്. നിരവധി പേരെ കാണാതായിട്ടുണ്ട്.