ഇസ്‌ലാമാബാദ്: പാകിസ്താനില്‍ അഞ്ച് പേര്‍ ചേര്‍ന്ന് ആടിനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടുത്തിടെ നടത്തിയ വിവാദ പരാമര്‍ശം ഉയര്‍ത്തിക്കാട്ടി പ്രതിഷേധക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.

പാകിസ്താനിലെ ഒകാറ എന്ന സ്ഥലത്താണ് ആടിനെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊന്നത്. അതിക്രമം നടത്തിയവര്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുന്നത് സമീപവാസികള്‍ കണ്ടിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സംഭവത്തിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നത്.

സ്ത്രീകള്‍ അല്‍പവസ്ത്രം ധരിക്കുന്നത് പുരുഷന്മാരെ സ്വാധീനിക്കും എന്നതരത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ നടത്തിയ പരാമര്‍ശം ഉയര്‍ത്തിക്കാട്ടിയാണ് വിമര്‍ശം. വളര്‍ത്തു മൃഗങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തതുകൊണ്ടാണോ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് എന്ന ചോദ്യമാണ് പലരും സാമൂഹ്യ മാധ്യമങ്ങളില്‍ ഉന്നയിക്കുന്നത്. വസ്ത്രം ധരിക്കാത്ത മൃഗങ്ങള്‍പോലും പുരുഷന്മാരെ സ്വാധീനിക്കുന്നുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ മാസം എച്ച്ബിഒയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിവാദ പരാമര്‍ശം നടത്തിയത്. 'അല്‍പവസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ പുരുഷന്മാരെ സ്വാധീനിക്കും. അല്ലെങ്കില്‍ അവര്‍ യന്ത്രമനുഷ്യര്‍ ആയിരിക്കണം. സാമാന്യബോധം ഉപയോഗിച്ച് ചിന്തിച്ചാല്‍ അക്കാര്യം മനസിലാകും. സമൂഹത്തില്‍ സാധാരണ കാണാത്ത കാര്യങ്ങള്‍ ഉണ്ടായാല്‍ അത് ജനങ്ങളെ സ്വാധീനിക്കും, ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പാകിസ്താനില്‍ ബലാത്സംഗങ്ങളും കൊലപപാതകങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ ആയിരുന്നു പ്രതിഷേധം.

Content Highlights: Five men in Pak rape and killed a goat; trigger outrage