കോങ്‌സ്‌ബെര്‍ഗ്: നോര്‍വേയില്‍ അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കോങ്‌സ്‌ബെര്‍ഗ് നഗരത്തിലാണ് അമ്പും വില്ലും ഉപയോഗിച്ച് അക്രമി പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ 37കാരനായ ഡെന്‍മാര്‍ക്ക് പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചതെന്നും പോലീസ് അറിയിച്ചു.

കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഇയാള്‍ ആള്‍ക്കൂട്ടത്തിന് നേരെ അമ്പുകള്‍ ഉപയോഗിക്കുകയായിരുന്നു. അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും തീവ്രവാദി ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് പോലീസ് പറയുന്നത്. 

അമ്പും വില്ലും ഉപയോഗിച്ച് കണ്ണില്‍കണ്ട എല്ലാവര്‍ക്കും നേരെ യുവാവ് ആക്രമണം നടത്തുകയായിരുന്നു. ആളുകള്‍ ജീവന്‍ രക്ഷിക്കാനായി തലങ്ങും വിലങ്ങും ഓടുന്നത് കണ്ടുവെന്ന് സംഭവസമയത്ത് പരിസരത്തുണ്ടായിരുന്ന സ്ത്രീ പറയുന്നു. കൈക്കുഞ്ഞുമായി ഒരു അമ്മ അക്രമിയെ പേടിച്ച് ഓടിയെന്നും അവര്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് വിവരം ലഭിച്ചപ്പോള്‍ തന്നെ നഗരത്തില്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് പോലീസ് നിര്‍ദേശിച്ചു. സാധാരണഗതിയില്‍ ഇത്തരം ആക്രമണങ്ങളുണ്ടാകാത്ത രാജ്യമായതിനാല്‍ നോര്‍വേയില്‍ പോലീസ് ആയുധങ്ങള്‍ കൈയില്‍ കരുതാറില്ല. എന്നാല്‍ സംഭവത്തിന് ശേഷം രാജ്യത്ത് എല്ലാ പോലീസുകാര്‍ക്കും ആയുധങ്ങള്‍ കൈയില്‍ കരുതാനുള്ള നിര്‍ദേശം നല്‍കി.

Content Highlights: five killed in Norway using bow and arrow attack