ബ്രസ്സൽസ്: യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിൽ ആദ്യഘട്ട കോവിഡ് വാക്സിൻ ക്രിസ്മസോടുകൂടി നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. എന്നാല്‍ യൂണിയനിലെ രാജ്യങ്ങള്‍ വിതരണത്തിനായുള്ള സൗകര്യങ്ങള്‍ അടിയന്തിരമായി തയ്യാറാക്കണമെന്നും യൂണിയന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തുരങ്കത്തിന്റെ അവസാനം വെളിച്ചമുണ്ടെന്ന് പറഞ്ഞുകൊണ്ട് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലയനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
യൂറോപ്യന്‍ യൂണിയന്റെ എക്‌സിക്യൂട്ടീവ് വിഭാഗമായ കമ്മീഷന്‍ ആറ് വാക്‌സിന്‍ വിതരണക്കാരുമായി കരാറുണ്ടാക്കിയിട്ടുണ്ട്. ഏഴാമതൊരു കരാറിനായുള്ള തയ്യാറെടുപ്പിലാണ്. 46കോടി മാത്രം ജനസംഖ്യയുള്ള രാജ്യങ്ങള്‍ക്കാകമാനമായി 80 കോടി ഡോസ് വാങ്ങാനുള്ള കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
മോഡേണ വികസിപ്പിച്ചെടുത്ത 16 കോടി ഡോസ് വാക്‌സിനായുള്ള കരാറില്‍ ഒപ്പിടുമെന്ന് ചൊവ്വാഴ്ച ബ്രസല്‍സ് അറിയിച്ചിട്ടുണ്ട്. 94.5 ശതമാനം ഫലപ്രാപ്തിയുള്ള വാക്സിനാണിതെന്നാണ് ആദ്യ ഘട്ട പഠനങ്ങള്‍ പറയുന്നത്.
അതേസമയം വാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങളും അതിനായി സിറിഞ്ചുകളും ആരോഗ്യപ്രവര്‍ത്തകരെയും സജ്ജമാക്കണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
content highlights: first virus vaccinations possible by Christmas, says EU