സിഡ്‌നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ അഞ്ച് പേര്‍ക്ക് പ്രാദേശികമായി കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം ബാധിച്ചതായി ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യ വകുപ്പ്. ഇവരാരും വിദേശ യാത്രകള്‍ നടത്തിയിട്ടില്ല. ഓസ്‌ട്രേലിയയില്‍ പ്രാദേശികമായി സ്ഥിരീകരിക്കുന്ന ആദ്യ ഒമിക്രോണ്‍ കേസാണിത്. സിഡ്നിയുടെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശത്തുള്ള രണ്ട് സ്‌കൂളുകളിലും ജിമ്മിലുംനിന്നാണ് ഒമിക്രോണ്‍ വ്യാപിച്ചതെന്ന് സംശയിക്കുന്നു.

ഇത് ഓസ്ട്രേലിയന്‍ തലസ്ഥാന പ്രദേശത്ത് സ്ഥിരീകരിച്ച ഒമിക്രോണ്‍ അണുബാധയുടെ ഉറവിടമാകാമെന്ന് ന്യൂ സൗത്ത് വെയ്ല്‍സ്  ചീഫ് ഹെല്‍ത്ത് ഓഫീസര്‍ കെറി ചാന്റ് ഞായറാഴ്ച പറഞ്ഞു. പ്രദേശത്ത് സ്ഥിരീകരിച്ച മറ്റ് നിരവധി കേസുകളില്‍ അടിയന്തര ജീനോം പരിശോധന നടക്കുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ ഇതിന്റെ ഫലങ്ങള്‍ ലഭ്യമാകുമെന്നും അവര്‍ പറഞ്ഞു.

ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് 15 ഒമിക്രോണ്‍ അണുബാധകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേസുകളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നും കെറി ചാന്റ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി തിരിച്ചറിഞ്ഞ കോവിഡ് -19 ന്റെ ഒമിക്രോണ്‍ വകഭേദം യുഎസ് മുതല്‍ ദക്ഷിണ കൊറിയ വരെയുള്ള രാജ്യങ്ങളില്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഗവേഷകര്‍ പുതിയ വകഭേദത്തിന്റെ പൂര്‍ണ്ണമായ ആഘാതം മനസിലാക്കാന്‍ കഠിനമായ പരിശ്രമം നടത്തുകയാണ്. ആശങ്കകളെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നും സമീപ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാരെ പല രാജ്യങ്ങളും വിലക്കിയിട്ടുണ്ട്.

Content Highlights: First Omicron community spread in Australia confirmed in new South Wales