വത്തിക്കാൻ: പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ ആഗോളതലത്തില്‍ നിയമാവലി പുറത്തിറക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. അപ്പോസ്തലിക സന്ദേശത്തിലൂടെയാണ് മാര്‍പാപ്പ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വൈദിക സമൂഹത്തെ അറിയിച്ചിരിക്കുന്നത്. 

എല്ലാ രൂപതകളും മാര്‍പ്പാപ്പ പുറപ്പെടുവിച്ച ഈ നിയമാവലി അനുസരിച്ച് പീഡന പരാതികള്‍ കൈകാര്യം ചെയ്യാന്‍ ബാധ്യസ്ഥരാണെന്ന് വത്തിക്കാന്‍ അറിയിച്ചു. അതേസമയം കുമ്പസാര രഹസ്യങ്ങളെ ഈ നിയമാവലിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഭൂതകാലത്തിലെ കയ്‌പേറിയ പാഠങ്ങളില്‍ നിന്ന് പഠിക്കാന്‍ സമയമായെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു നിയമാവലി പുറപ്പെടുവിച്ചത്. പീഡനങ്ങളെ കുറിച്ച് അറിവോ സംശയമോ ഉള്ളവര്‍ എത്രയും പെട്ടെന്ന് ലഭ്യമായ സംവിധാനങ്ങളും മാര്‍ഗ്ഗങ്ങളുമുപയോഗിച്ച് സംഭവം സഭയോട് റിപ്പോര്‍ട്ട് ചെയ്യണമെന്നു നിയമാവലിയില്‍ എടുത്തു പറയുന്നുണ്ട്.

വൈദികരുള്‍പ്പെട്ട ലൈംഗികപീഡന പരാതികള്‍, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുക, പരാതികള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുക എന്നിവ റിപ്പോര്‍ട്ടു ചെയ്യാനുള്ള സംവിധാനങ്ങള്‍ എല്ലാ രൂപതകളും 2020 ജൂണിനുള്ളില്‍  നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണെന്നും നിയമാവലിയില്‍ പറയുന്നു.

കുട്ടികളെയും നിസ്സഹായരായവരെയും മാനസികമായും ലൈംഗികമായും പീഡിപ്പിക്കുന്നത് തടയുക എന്നതാണ് നിയമാവലി കൊണ്ട് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. മാത്രമല്ല കന്യാസ്ത്രീകള്‍ വൈദികരാല്‍ ചൂഷണം ചെയ്യപ്പെടുന്നത് തടയുക എന്നതും സഭാധികാരം ഉപയോഗിച്ചുള്ള ലൈംഗിക പീഡനങ്ങളും ചൂഷണങ്ങളും തടയുക എന്നതും നിയമാവലിയുടെ ഉദ്ദേശങ്ങളില്‍ പ്രധാനമാണ്.

"പരാതികള്‍ അറിഞ്ഞാല്‍ ഉടന്‍ തന്നെ അവ റിപ്പോര്‍ട്ട് ചെയ്യണം. പീഡന വിവരം തുറന്നുപറയാന്‍ ഇരകള്‍ക്ക് സൗകര്യമൊരുക്കണം. പീഡനപരാതി ആര്‍ച്ച് ബിഷപ്പ് വത്തിക്കാനെ അറിയിക്കണം. പരാതികളിന്‍മേല്‍ അന്വേഷണം 90 ദിവസത്തിനകം പൂര്‍ത്തിയാക്കണം. ഇരകള്‍ക്കെതിരെ പ്രതികാര നടപടികള്‍ പാടില്ല, പരാതി മൂടിവയ്ക്കാന്‍ ശ്രമിക്കരുത്" എന്നിങ്ങനെ പോകുന്നു നിർദേശങ്ങൾ. അതാത് രാജ്യത്തെ നിയമസംവിധാനങ്ങളുമായി സഹകരിക്കണമെന്നും അപ്പോസ്തലിക സന്ദേശത്തില്‍ നിര്‍ദ്ദേശമുണ്ട്.

ലൈംഗിക പീഡന പരാതികളിന്‍മേല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് 2013ല്‍ ചുമതലയേറ്റ സമയത്ത് തന്നെ  ഫ്രാന്‍സിസ് മാര്‍പ്പാപ്പ വ്യക്തമാക്കിയിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ മൂടിവച്ചതിന് സഭ മാപ്പ് പറഞ്ഞിരുന്നു. 

content highlights: First Global Rules for Reporting Abuse by Pop francis