വെല്ലിങ്ടണ്‍: വൈദ്യശാസ്ത്രത്തില്‍ രോഗനിര്‍ണയം അനായാസമാക്കാന്‍ ഉപകരിക്കുന്ന കണ്ടുപിടിത്തവുമായി ന്യൂസിലാൻഡിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. ലോകത്താദ്യമായി കളര്‍, 3-ഡി എക്‌സറേ സംവിധാനം ഒരുക്കിയാണ് വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നത്. 

കളര്‍ എക്‌സറേ സംവിധാനത്തിലൂടെ ശരീര ഭാഗത്തിന്റെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ ലഭിക്കും. ഇതുവഴി ഡോക്ടര്‍മാര്‍ർക്ക് കൃത്യമായി രോഗനിര്‍ണയം നടത്താന്‍ സാധിക്കുമെന്ന് കളര്‍ എക്‌സറേ സംവിധാനം വികസിപ്പിച്ചെടുത്ത സിഇആര്‍എന്‍ പ്രസ്താവനയില്‍ അറിയിച്ചു.

സിഇആര്‍എന്‍ ടെക്‌നോളജി വികസിപ്പിച്ചിരിക്കുന്ന ക്യാമറ പോലെ പ്രവര്‍ത്തിക്കുന്ന മെഡിപിക്‌സ് സംവിധാനത്തിലൂടെ മനുഷ്യ ശരീരത്തിനുള്ളിലെ ഏറ്റവും ചെറിയ ഭാഗത്ത് സംഭവിച്ചിരിക്കുന്ന ക്ഷതങ്ങള്‍ വരെ  വ്യക്തമായി കണ്ടെത്താന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. 

ഈ യന്ത്രത്തില്‍ നല്‍കിയിട്ടുള്ള കുറഞ്ഞ പിക്‌സലും കൃത്യമായ എനര്‍ജി റെസലൂഷനും മൂലമാണ് കൃത്യതയുള്ള ചിത്രം ലഭ്യമാകുന്നതെന്ന് യന്ത്രം വികസിപ്പിച്ചെടുത്ത കാന്റബറി സര്‍വകലാശാലയിലെ പില്‍ ബട്ട്‌ലര്‍ അറിയിച്ചു.

അസ്ഥിയുടെയും മസിലിന്റെയും ചിത്രങ്ങള്‍ പ്രത്യേകമായി ലഭിക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുഴകള്‍ കൃത്യമായി കണ്ടെത്താന്‍ ഈ എക്സ്റേ സംവിധാനം സഹായിക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ന്യൂസിലാന്‍ഡിലെ മാര്‍സ് ബയോഇമേജിങ് എന്ന കമ്പനിയാണ് ഈ യന്ത്രം വിപണിയില്‍ എത്തിക്കുന്നത്.