ഇന്ത്യാക്കാരുടെ ആദ്യ സംഘം റൊമാനിയയിലെത്തിയപ്പോൾ
- 470 വിദ്യാര്‍ഥികളുടെ ആദ്യ സംഘമാണ് ഇന്ന് ഇന്ത്യയിലെത്തുക
- സഹായകേന്ദ്രങ്ങളിലേക്കുള്ള യാത്രയില്‍ വാഹനങ്ങളില്‍ ഇന്ത്യന്‍ പതാക പതിക്കണം
ന്യൂഡല്‍ഹി: യുക്രൈനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചു. യുക്രൈനില്‍ നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യാക്കാരുടെ ആദ്യ ബാച്ച് സൂകേവാ അതിര്‍ത്തി വഴി റൊമാനിയയില്‍ എത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വെള്ളിയാഴ്ച പറഞ്ഞു.
ആദ്യ സംഘം സുകേവ അതിര്‍ത്തി കടന്നു. സുകേവില്‍ നിയോഗിച്ചിട്ടുള്ള ടീം ഇവരെ ബുക്കാറസ്റ്റില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയതായി ട്വിറ്ററില്‍ ഒരു ഹ്രസ്വ വീഡിയോ പങ്കുവെച്ചുകൊണ്ട് അരിന്ദം ബാഗ്ചി അറിയിച്ചു.
യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന ഹംഗറി, പോളണ്ട്, സ്ലൊവാക് റിപ്പബ്ലിക്, റൊമാനിയ എന്നീ രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. റൊമാനിയയുടെ തലസ്ഥാനമായ ബുക്കറസ്റ്റില്‍നിന്ന് എയര്‍ ഇന്ത്യയുടെ രണ്ടുവിമാനങ്ങള്‍ അഞ്ഞൂറോളം ഇന്ത്യക്കാരുമായി ശനിയാഴ്ച മുംബൈയിലും ഡല്‍ഹിയിലും എത്തും.
ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റില്‍നിന്ന് മറ്റൊരു വിമാനവും സര്‍വീസിനൊരുങ്ങുന്നുണ്ട്. പ്രത്യേക വിമാനങ്ങളിലെ യാത്ര സൗജന്യമായിരിക്കുമെന്നും ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.
ഇന്ത്യന്‍ എംബസികള്‍ യുക്രൈന്‍ അതിര്‍ത്തികളില്‍ ഒരുക്കിയ സഹായകേന്ദ്രങ്ങളിലേക്ക് എത്തുന്ന ഇന്ത്യക്കാര്‍ വാഹനങ്ങളില്‍ ഇന്ത്യന്‍ പതാകയുടെ ചിത്രം പതിക്കണമെന്ന് നിര്‍ദേശം. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളും അത്യാവശ്യ സാധനങ്ങളും, ലഭ്യമെങ്കില്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും കൈവശം വെക്കണം.
അടിയന്തര ചെലവിനുള്ള പണം ഡോളറായും കരുതണം. എംബസികള്‍ വെള്ളിയാഴ്ച പുറത്തിറക്കിയ നിര്‍ദേശങ്ങളിലാണ് ഇക്കാര്യങ്ങളുള്ളത്. സംഘമായി വേണം സഹായകേന്ദ്രങ്ങളിലെത്താന്‍. അതിര്‍ത്തി കടക്കുന്നവര്‍ ഗൂഗിള്‍ അപേക്ഷാ ഫോമുകള്‍ പൂരിപ്പിക്കണം.
വിദ്യാര്‍ഥികളടക്കം പതിനാറായിരത്തോളം ഇന്ത്യക്കാരാണ് യുക്രൈനില്‍ ഇപ്പോഴുള്ളത്. ഇവരെ ഘട്ടംഘട്ടമായി ഒഴിപ്പിക്കാനാണ് പദ്ധതി. അയല്‍രാജ്യങ്ങളുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശങ്ങളിലുള്ള ഇന്ത്യക്കാരെയാണ് ആദ്യം ഒഴിപ്പിക്കുന്നത്. തുടര്‍ന്ന് മറ്റു മേഖലകളില്‍ നിന്നുള്ളവരെയും ഒഴിപ്പിക്കും.
റൊമാനിയ, ഹംഗറി എന്നിവിടങ്ങളില്‍ ഇന്ത്യന്‍ എംബസി ഒരുക്കിയ പ്രത്യേക കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നവരെയാണ് ആദ്യഘട്ടത്തില്‍ ഒഴിപ്പിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം ആയിരത്തിയഞ്ഞൂറോളം പേര്‍ വെള്ളിയാഴ്ച വൈകീട്ടുവരെ പ്രത്യേക കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നതായി വിദേശകാര്യമന്ത്രാലയം പറഞ്ഞു.
യുക്രൈന്‍ വ്യോമാതിര്‍ത്തി അടച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ബദല്‍മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തേടിയത്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവ്, യുക്രൈന്‍ വിദേശകാര്യമന്ത്രി ഇവാന്‍ കൊര്‍സോവ്, ഹംഗേറിയന്‍ വിദേശകാര്യമന്ത്രി പീറ്റര്‍ സിജാര്‍ത്തോ, റൊമാനിയന്‍ വിദേശകാര്യമന്ത്രി ബോഗ്ഡന്‍ ഓറെസ്‌കു, പോളണ്ടിന്റെ വിദേശകാര്യമന്ത്രി സ്ബിഗ്‌ന്യൂവ് റോ എന്നിവരുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ചര്‍ച്ചകള്‍ നടത്തി. ഈ നാല് സര്‍ക്കാരുകളുമായി അവിടങ്ങളിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ നേരിട്ട് ബന്ധപ്പെട്ടു. തുടര്‍ന്നാണ് യാത്രാമാര്‍ഗങ്ങള്‍ തുറന്നുകിട്ടിയത്.
യുക്രൈന്‍-ഹംഗറി അതിര്‍ത്തിയിലെ ചോപ്-സഹോനി, റൊമാനിയ-യുക്രൈന്‍ അതിര്‍ത്തിയിലെ പോര്‍ബണ്‍-സിരേട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രണ്ടുകേന്ദ്രങ്ങളിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി മുരളീധരന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Content Highlights: first batch of evacuees reached romania india starts evacuation process
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..