'ഇൻസ്പിറേഷൻ 4' ന്റെ വിക്ഷേപണം | Photo: AP
വാഷിങ്ടണ്‍: ബഹിരാകാശ സഞ്ചാരത്തില്‍ പുതുചരിത്രമെഴുതി ഇലോണ്‍ മാസ്‌കിന്റെ സ്‌പേസ് എക്‌സ്. ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഡ്രാഗണ്‍ ക്യാപ്‌സ്യൂളിലേറി സഞ്ചാരികള്‍ കുതിച്ചുയര്‍ന്നത് ചരിത്രത്തിലേക്കാണ്. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് ബഹിരാകാശ വിദഗ്ദ്ധരല്ലാത്ത, നാല് സഞ്ചാരികള്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റിലേറി ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്.

അമേരിക്കന്‍ സാമ്പത്തിക സേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്‌മെന്റ്‌സ് ഇങ്കിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ജേര്‍ഡ് ഐസക്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബഹിരാകാശത്തേക്ക് കുതിച്ചത്. ഐസക്മാന്‍ തന്നെയാണ് വാഹനം ചാര്‍ട്ടര്‍ ചെയ്തതും. ജേര്‍ഡ് ഐസക്മാനോടൊപ്പം സിയാന്‍ പ്രോക്ടര്‍, ഹെയ്ലി ആര്‍സീനക്‌സ്, ക്രിസ് സെംബ്രോസ്‌കി എന്നിവരാണ് സംഘത്തിലുള്ളത്. ഇവര്‍ക്കാര്‍ക്കും ദീര്‍ഘ കാലത്തെ ബഹിരാകാശ പരിശീലനം ലഭിച്ചിട്ടില്ല. ആറു മാസം മുമ്പാണ് യാത്രക്കാരെ തിരഞ്ഞെടുത്തത്.

സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ഡ്രാഗണ്‍ ക്യാപ്‌സ്യൂളില്‍ ഇവരെ ബഹിരാകാശത്ത് എത്തിച്ചത്. കെന്നഡി സ്പേസ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്ന പേടകം ഭ്രമണപഥത്തിലെത്തി. വിക്ഷേപണത്തിന് ഏതാണ്ട് 12 മിനിറ്റുകള്‍ക്ക് ശേഷം വിക്ഷേപണ റോക്കറ്റിന്‍ നിന്ന് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ വേര്‍പെടുകയും സഞ്ചാരികള്‍ ഓര്‍ബിറ്റിലേക്ക് പ്രവേശിക്കുകയും ചെയ്തു. റോക്കറ്റിന്റെ ആദ്യ ഘട്ട ബൂസ്റ്റര്‍ പേടകത്തില്‍ നിന്ന് വേര്‍പെട്ട ശേഷം അറ്റ്‌ലാന്റിക്കിലെ ലാന്‍ഡിംഗ് പ്ലാറ്റ്‌ഫോമില്‍ സുരക്ഷിതമായി തിരിച്ചിറങ്ങി.

മൂന്ന് ദിവസം ഭൂമിയെ വലംവെയ്ക്കുന്ന സംഘം, യാത്ര പൂര്‍ത്തിയാക്കിയ ശേഷം അറ്റ്‌ലാന്റിക്കില്‍ ഫ്‌ളോറിഡ തീരത്ത് തിരിച്ചിറങ്ങും. നാല് പേരുടെ യാത്രക്കായി 200 മില്യണ്‍ ഡോളറാണ് ചെലവായത്.
ഈ തുക ജേര്‍ഡ് ഐസക്മാന്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ വിനോദ സഞ്ചാര പദ്ധതിയുടെ ആദ്യ യാത്രയാണിത്.
ബഹിരാകാശ യാത്രാ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ക്കുന്നതാണ് സ്‌പേസ് എക്‌സിന്റെ 'ഇന്‍സ്പിറേഷന്‍ 4' എന്ന ബഹിരാകാശ ടൂറിസം പദ്ധതി. കൂടുതല്‍ പേര്‍ക്ക് ബഹിരാകാശ യാത്ര സ്വപ്നം കാണുന്നതിനുള്ള പ്രചോദനം കൂടിയാകുമിതെന്നാണ് വാഹനം ചാര്‍ട്ടര്‍ ചെയ്ത ജേര്‍ഡ് ഐസക്മാന്‍ പറഞ്ഞത്.
Content Highlights: First all-civilian crew launched into orbit aboard SpaceX rocket ship
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..