ഫിൻലൻഡിൽ നിന്ന് പകർത്തിയ ചിത്രം | ഫോട്ടോ: ഡോ. എൻ.ജെ. നടരാജൻ
തുടര്‍ച്ചയായി ആറാം തവണയും ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യമായി ഫിന്‍ലന്‍ഡ്. അന്താരാഷ്ട്ര സന്തോഷദിനമായ മാര്‍ച്ച് 20-ന് പ്രസിദ്ധീകരിച്ച വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതിശീര്‍ഷവരുമാനം, സാമൂഹികപിന്തുണ, ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, ഉദാരസമീപനം, കുറഞ്ഞ അഴിമതി തുടങ്ങിയ വിവിധ ഘടകങ്ങള്‍ വിലയിരുത്തിയുള്ള സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് ഒരു രാജ്യത്തിന്റെ സന്തോഷത്തിന്റെ തോത് നിര്‍ണയിക്കുന്നത്. ഉയര്‍ന്ന സ്‌കോര്‍ ലഭിക്കുന്ന രാജ്യങ്ങള്‍ പട്ടികയില്‍ മുന്‍നിരയിലെത്തും. പട്ടികയില്‍ 126-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.
ഐക്യരാഷ്ട്രസഭയുടെ സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ് സൊല്യൂഷ്യന്‍സ് നെറ്റ്‌വര്‍ക്ക് ആണ് വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് എല്ലാവർഷവും പ്രസിദ്ധീകരിക്കുന്നത്. 150-ലേറെ രാജ്യങ്ങളിലെ ജനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍ ആദ്യസ്ഥാനങ്ങളിലെത്തിയ നോര്‍ഡിക് രാജ്യങ്ങള്‍ ഇത്തവണയും മുന്‍പന്തിയില്‍ തന്നെയാണ്. ഇക്കൊല്ലം ഡെന്‍മാര്‍ക്ക് രണ്ടാം സ്ഥാനത്തും ഐസ് ലന്‍ഡ് മൂന്നാം സ്ഥാനത്തുമാണ്. യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് നോര്‍ഡിക് രാജ്യങ്ങളില്‍ കോവിഡ് പ്രതിസന്ധി താരതമ്യേന കുറവായിരുന്നു. രാജ്യങ്ങള്‍ക്കിടയില്‍ പരസ്പരമുള്ള സഹായവും സഹവര്‍ത്തിത്വവും കോവിഡ് കാലത്ത് രണ്ട് മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ടിന്റെ ലേഖകരിലൊരാളായ ജോണ്‍ ഹെല്ലിവെല്‍ പറയുന്നു.
നേപ്പാള്‍, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം. റഷ്യ-യുക്രൈന്‍ യുദ്ധം ഇരുരാജ്യങ്ങളുടേയും സന്തോഷത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. റഷ്യ പട്ടികയില്‍ 72 -ാം സ്ഥാനത്തായപ്പോള്‍ യുക്രൈന്‍ 92-ാമതാണുള്ളത്.
Content Highlights: Finland Tops World Happiness Report, India Ranks 126
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..