ഒരുവശത്ത് കടുത്ത സാമ്പത്തികപ്രതിസന്ധി, മറുവശത്ത് സൈന്യവുമായി ഭിന്നത: ഗതിമുട്ടി ഇമ്രാന്‍ സർക്കാർ


ഏറ്റവും വലിയ വിദേശ കടബാധ്യതയുള്ള പത്ത് രാജ്യങ്ങളുടെ ഏറ്റവും പുതിയ പട്ടികയില്‍ പാക്കിസ്താനും

ഇമ്രാൻ ഖാൻ | ചിത്രം: AP

പുതിയ പാകിസ്താന്‍ എന്ന വാഗ്ദാനത്തില്‍ അധികാരത്തിലെത്തിയ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാക് സര്‍ക്കാര്‍ രാജ്യത്തെ സമ്പദ്‌വ്യസ്ഥയെ താങ്ങിനിര്‍ത്താനുള്ള ശ്രമങ്ങളില്‍ പരാജയപ്പെടുന്നതിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ പാകിസ്താനില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പാകിസ്താന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ സാമ്പത്തികപ്രതിസന്ധിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അടുത്ത രണ്ട് വര്‍ഷത്തെ കാലയളവില്‍ (2021-2023) ഇമ്രാന്‍ ഖാന്‍ നയിക്കുന്ന ഭരണകൂടത്തിന് രാജ്യത്തിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 51.6 ബില്യണ്‍ ഡോളറിന്റെ ബാഹ്യ ധനസഹായം ആവശ്യമായി വരുന്ന അവസ്ഥയാണുള്ളത്. ഐഎംഎഫ് വിലയിരുത്തല്‍ പ്രകാരം 2021-22 കാലയളവില്‍ പാകിസ്താന് ആവശ്യമായ മൊത്തം ബാഹ്യ ധനസഹായം 23.6 ബില്യണ്‍ ഡോളറും 2022-23ല്‍ അത് 28 ബില്യണ്‍ ഡോളറുമാണെന്ന് പാകിസ്താനിലെ പ്രമുഖ പത്രമായ ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഹ്യ ധനകാര്യ ആവശ്യകതകളുടെ വിടവ് നികത്താന്‍ അന്താരാഷ്ട്ര നാണയ നിധിയുമായി കരാര്‍ ഉണ്ടാക്കാന്‍ പാകിസ്താന്‍ അവസാനവട്ട ശ്രമങ്ങള്‍ നടത്തുകയാണ്.

ഏറ്റവും വലിയ വിദേശ കടബാധ്യതയുള്ള പത്ത് രാജ്യങ്ങളുടെ ഏറ്റവും പുതിയ പട്ടികയില്‍ പാക്കിസ്താനും ഉള്‍പെട്ടിട്ടുള്ളതായി ലോകബാങ്കിന്റെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാകിസ്താന്റെ വിദേശ കടം 8 ശതമാനം വര്‍ദ്ധിച്ചതായും ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ജൂണില്‍, ഇമ്രാന്‍ സര്‍ക്കാര്‍ ലോക ബാങ്കില്‍ നിന്ന് 442 മില്യണ്‍ ഡോളര്‍ കടമെടുത്തതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ലോകബാങ്കും എഡിബിയും പാകിസ്താന് പ്രോജക്റ്റ് വായ്പകള്‍ നല്‍കുന്നത് തുടരുമെന്നും എന്നാല്‍ പ്രോജക്റ്റുകള്‍ നടപ്പിലാക്കാനുള്ള ശേഷി കണക്കിലെടുത്ത് മാത്രമേ ഫണ്ട് കൈമാറുകയുള്ളു എന്നും അറിയിച്ചിട്ടുണ്ട്. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ രാജ്യത്തിന്റെ റേറ്റിങ് കൂടുതല്‍ താഴ്ത്താനും സാധ്യതകളേറെയാണ്. അതിനാല്‍ അന്താരാഷ്ട്ര ബോണ്ടുകള്‍ നല്‍കി ഫണ്ട് സൃഷ്ടിക്കുന്നത് ചെലവേറിയതായിരിക്കുമെന്നും ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താനിലെ നികുതി സമ്പ്രദായത്തിലെ വൈകല്യങ്ങള്‍ പരിഹരിക്കാന്‍ ഐഎംഎഫ് ആവശ്യപ്പെടുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇപ്പോള്‍ നല്‍കിവരുന്ന വ്യത്യസ്ത ജിഎസ്ടി ഇളവുകളും നിരക്കുകളും 17 ശതമാനമായി ഏകീകരിക്കണമെന്നാണ് ഐഎംഎഫ് പറയുന്നത്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് 17 ശതമാനം ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്തണമെന്നും വളം, ട്രാക്ടര്‍, മറ്റ് ഇനങ്ങള്‍ എന്നിവയുടെ ജിഎസ്ടി നിരക്ക് 17 ശതമാനം നിലവാരത്തില്‍ കൊണ്ടുവരണമെന്നും ഐഎംഎഫ് നിര്‍ദേശമുള്ളതായി ദി ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ അവഗണിക്കപ്പെട്ട കാര്‍ഷികമേഖലയെ ഇത് കൂടുതല്‍ പാര്‍ശ്വവത്കരിക്കുമെന്ന് വിശ്വസിക്കുന്ന പാകിസ്താന്‍ അധികാരികള്‍ ഇത്തരം നിര്‍ദ്ദേശങ്ങളെ തള്ളിക്കളഞ്ഞിരിക്കുകയാണ്.

സൈന്യവും സര്‍ക്കാരും തമ്മിലെ ഭിന്നത

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടയില്‍ പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സൈന്യവും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായതായും റിപ്പോർട്ടുകളുണ്ട്. ചാരസംഘടനയായ ഐഎസ്‌ഐയുടെ പുതിയ മേധാവി നിയമനവുമായി ബന്ധപ്പെട്ടാണ് ഇമ്രാന്‍ ഖാനും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉടലെടുത്തിരിക്കുന്നത്.

ലഫ്റ്റനന്റ് ജനറല്‍ ഹമീദിനെ മാറ്റി ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ഡയറക്ടര്‍ ജനറല്‍ ആയി ലെഫ്റ്റനന്റ് ജനറല്‍ നദീം അന്‍ജൂമിന്റെ പേര് സൈന്യം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍
റിപ്പോര്‍ട്ടുകള്‍ പ്രകാരം അയല്‍രാജ്യമായ അഫ്ഗാനിസ്താനിലെ സാഹചര്യം കണക്കിലെടുത്ത് നിലവില്‍ ആ സ്ഥാനം വഹിക്കുന്ന ലഫ്റ്റനന്റ് ജനറല്‍ ഹമീദ് തന്നെ ഐഎസ്‌ഐ മേധാവിയായി തുടരണമെന്ന് ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞയാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ ഇമ്രാന്‍ കരസേനാ മേധാവി ജനറല്‍ ഖമര്‍ ബജ്വയോട് ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ലെഫ്റ്റനന്റ് ജനറല്‍ അന്‍ജൂമിന്റെ നിയമനം സ്ഥിരീകരിക്കുന്ന വിജ്ഞാപനം പുറത്തിറങ്ങുന്നതിന് സാധാരണയിലധികം കാലതാമസം ഉണ്ടായ സാഹചര്യത്തില്‍ നിര്‍ണായക പദവിയെക്കുറിച്ച് സിവില്‍, സൈനിക നേതൃത്വങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യസങ്ങള്‍ ഉണ്ടെന്ന അഭ്യൂഹങ്ങള്‍ വര്‍ദ്ധിച്ചു.

ഐഎസ്‌ഐ ഡയറക്ടര്‍ ജനറലിന്റെ നിയമനം പാക് പ്രധാനമന്ത്രിയുടെ അധികാരമാണ്. പക്ഷേ, സൈനിക മേധാവിയുമായി കൂടിയാലോചിച്ച ശേഷം മാത്രമേ പ്രധാനമന്ത്രി സാധാരണയായി ഐഎസ്‌ഐ മേധാവിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാറുള്ളു. പേരുകള്‍ സൈന്യം ശുപാര്‍ശ ചെയ്തതിന് ശേഷം പ്രഖ്യാപനം നടത്താന്‍ കൂടുതല്‍ സമയം എടുക്കുന്നതും പതിവില്ലാത്തതാണ്. എന്നാല്‍ പാക് പ്രധാനമന്ത്രിയുമായി ആലോചിക്കാതെയാണ് സൈന്യം ഐഎസ്‌ഐ മേധാവിയെ തിരഞ്ഞെടുത്തതെന്നാണ് ഈ വിഷയത്തില്‍ ദീര്‍ഘകാലം പുലർത്തിയ മൗനത്തിന് ശേഷം സര്‍ക്കാര്‍ പറഞ്ഞത്. ഇതോടെയാണ് സൈന്യവും സര്‍ക്കാരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്.

ഇത്തരം സാഹചര്യം നിലനില്‍ക്കുന്നതിനിടയില്‍ പുതിയ പ്രസ്താവനയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. ഒരു ജനറലിന് പോലും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം ലഭിക്കാവുന്ന തരത്തില്‍ മാതൃകാപരമായ നിയമവാഴ്ച രാജ്യത്ത് സ്ഥാപിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് പാക് പ്രധാനമന്ത്രി. നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും സൈന്യവും തമ്മിലുള്ള തുടര്‍ച്ചയായ ഏറ്റുമുട്ടലിനെക്കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്ന തരത്തിലായിരുന്നു ഇമ്രാന്‍ ഖാന്റെ ഈ പ്രസ്താവന എന്നുള്ളതും ശ്രദ്ധേയമാണ്.

സൈന്യത്തിലെ സുപ്രധാന സ്ഥാനമായി കണക്കാക്കപ്പെടുന്നതാണ് ഐഎസ്‌ഐ മേധാവി പദവി. രാജ്യത്തിന്റെ 74 വര്‍ഷത്തെ ചരിത്രത്തിന്റെ പകുതിയിലധികവും രാജ്യം ഭരിക്കുകയും ഇതുവരെ സുരക്ഷ, വിദേശനയം എന്നീ കാര്യങ്ങളില്‍ ഗണ്യമായ പങ്കുവഹിക്കുകയും ചെയ്ത പാകിസ്താന്‍ സൈന്യത്തെ പിണക്കി അധികാരത്തില്‍ തുടരുക എന്നുള്ളത് ഇമ്രാന്‍ ഖാന് ഒട്ടും ഗുണം ചെയാനിടയില്ല. പ്രത്യേകിച്ച് രാജ്യം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ പശ്ചതാത്തലത്തില്‍ കാര്യങ്ങള്‍ ഇമ്രാന്‍ സര്‍ക്കാരിന് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കുമെന്നാണ് വിലയിരുത്തല്‍.

Content Highlights: Financial crisis and rift with army puts Imran Khan led Pak government in tough position


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented