സൈന്യവും അർദ്ധസൈനികരും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ഖാർത്തൂം വിമാനത്താവളത്തിൽ നിന്നുയരുന്ന പുക |ഫോട്ടോ:AFP
ഖാര്‍ത്തൂം: സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനികരും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം. വെടിവെപ്പിലും ബോംബാക്രമണത്തിലും മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. സൗദി അറേബ്യന്‍ എയര്‍ലൈന്‍സായ സൗദിയ വിമാനത്തിന് വെടിയേറ്റു. യാത്രക്കാരുമായി റിയാദിലേക്ക് പുറപ്പെടാനിരിക്കെ ഖാര്‍ത്തൂം വിമാനത്താവളത്തില്‍വെച്ചാണ് വെടിയേറ്റത്.
വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാബിന്‍ ക്രൂവടക്കമുള്ളവരെ സുഡാനിലെ സൗദി എംബസിയിലേക്ക് സുരക്ഷിതമായി മാറ്റിയെന്ന് സൗദിയ പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് സുഡാനിലേക്കുള്ള വിമാന സര്‍വീസുകള്‍ പല രാജ്യങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്.
ശനിയാഴ്ചയാണ് സൈന്യവും സുഡാനിലെ അര്‍ദ്ധസൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സസും (ആര്‍എസ്എഫ്) തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാനമായ ഖര്‍ത്തൂമിന്റെ പലഭാഗങ്ങളിലും വെടിവെപ്പും ബോംബാക്രമണങ്ങളും നടന്നുവരികയാണ്.
വിമാനത്താവളം, സൈനിക താവളങ്ങള്‍, പ്രസിഡന്‍ഷ്യല്‍ കൊട്ടാരം, സൈനിക മേധാവിയുടെ വസതി എന്നിവ പിടിച്ചെടുക്കുന്നതിനായി ഇരുവിഭാഗവും പോരാട്ടം തുടരുകയാണ്.
ഖാര്‍ത്തൂം വിമാനത്താവളത്തിലെ വെടിവെയ്പ്പിലാണ് രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടത് എന്നാണ് വിവരം. അല്‍-അബയാദ് നഗരത്തിലുണ്ടായ ഏറ്റുമുട്ടലിലാണ് മറ്റൊരാള്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ പലരും ഗുരുതരാവസ്ഥയിലാണ്. സംഘര്‍ഷത്തെ ഐക്യരാഷ്ട്രസഭയും വിവിധ രാജ്യങ്ങളും അപലപിച്ചിട്ടുണ്ട്.
സംഘര്‍ഷത്തിന് പിന്നില്‍
തലസ്ഥാനമായ ഖാര്‍ത്തൂമിലും രാജ്യത്തിന്റെ മറ്റുപല ഭാഗങ്ങളിലും പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന് പിന്നില്‍ സുഡാനിലെ സൈനിക നേതൃത്വത്തിലുള്ള കടുത്ത അധികാര പോരാട്ടമാണ്.
2021 ഒക്ടോബറിലെ ഒരു അട്ടിമറിക്ക് ശേഷം സുഡാനെ നിയന്ത്രിക്കുന്നത് സൈനിക മേധാവിമാരടങ്ങുന്ന കൗണ്‍സിലാണ് നിയന്ത്രിക്കുന്നത്. ഇപ്പോഴത്തെ തര്‍ക്കത്തിന്റെ കേന്ദ്രസ്ഥാനത്ത് രണ്ട് സൈനിക മേധാവിമാരാണ്. സായുധ സേനയുടെ തലവനും ഫലത്തില്‍ രാജ്യത്തിന്റെ പ്രസിഡന്റുമായ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍-ബുര്‍ഹാനാണ് ഒരു കേന്ദ്രം. വൈസ് പ്രസിഡന്റും അര്‍ദ്ധസൈനിക വിഭാഗമായ ആര്‍എസ്എഫിന്റെ മേധാവിയുമായ ഹെമെതി എന്നറിയപ്പെടുന്ന ജനറല്‍ മുഹമ്മദ് ഹംദാന്‍ ദാഗ്ലോ ആണ് മറ്റൊരു കേന്ദ്രം.
ഭരണപരമായ കാര്യങ്ങളില്‍ ദീര്‍ഘനാളുകളായി ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നതകളിലാണ്. പതിനായിരത്തോളം അംഗങ്ങളുള്ള ആര്‍എസ്എഫിനെ സൈന്യത്തില്‍ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികളും പുതിയ സൈന്യത്തെ ആര് നയിക്കുമെന്നതിലുമാണ് ഇവര്‍ തമ്മിലുള്ള പ്രധാന പോരാട്ടം. ആര്‍എസ്എഫ് അംഗങ്ങളെ രാജ്യത്തുടനീളം പുനര്‍വിന്യാസം നടത്തിയതാണ് ശനിയാഴ്ച സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlights: Fighting erupts between Sudan paramilitary and army forces


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..