ഹവാന: കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും, പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനും ആയിരുന്ന ഫിദല്‍ കാസ്‌ട്രോ അന്തരിച്ചു. 90 വയസായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. ക്യൂബന്‍ ടിവിയാണ് വാര്‍ത്ത പുറത്ത് വിട്ടത്. 

ശനിയാഴ്ച തന്നെ അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നേക്കും. ക്യൂബയില്‍ ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സഹോദരനും ക്യൂബന്‍ ഭരണാധികാരിയുമായ റൗള്‍ കാസ്‌ട്രോയാണ് മരണവിവരം ലോകത്തെ അറിയിച്ചത്. കാസ്‌ട്രോയുടെ മരണവിവരം പ്രഖ്യാപിക്കുന്ന സമയത്ത് ക്യൂബയില്‍ അര്‍ധരാത്രി കഴിഞ്ഞിരുന്നു. 

ഫിദല്‍ അലക്‌സാണ്ട്രോ കാസ്ട്രോ റുസ് എന്ന ഫിദല്‍ കാസ്‌ട്രോ  1926 ആഗസ്ത്‌ 13നാണ് ജനിച്ചത്. ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ നിന്ന് 800 കി.മി. അകലെയുള്ള ബിറാനിലെ ഒരു ധനിക കര്‍ഷക കുടുംബത്തിലാണ് കാസ്‌ട്രോ ജനിച്ചത്. എയ്ഞ്ചല്‍ കാസ്‌ട്രോ അര്‍ഗീസാണ് പിതാവ്, അമ്മ ലിനാ റുസ് ഗൊണ്‍സാല്‍വസ് 

1959-ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിദല്‍ ക്യൂബയെ കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കാക്കി. ആറുവട്ടം ക്യൂബയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഫിഡല്‍ കാസ്‌ട്രോ. 1959 ഫിബ്രവരി 16 മുതല്‍ 2008 ഫിബ്രവരി 24 വരെയായി 49 വര്‍ഷവും എട്ടുദിവസവുമാണു കാസ്ട്രോ രാഷ്ട്രത്തലവനായിരുന്നത്. 

രോഗബാധിതനായതിനെത്തുടര്‍ന്നു എട്ടു വര്‍ഷം മുന്‍പ് അനുജന്‍ റൗള്‍ കാസ്‌ട്രോയെ ചുമതലയേല്‍പ്പിച്ചിട്ടാണ് ഫിദല്‍ അധികാരമൊഴിഞ്ഞത്. ക്യൂബയെ ഒരു പൂര്‍ണ്ണ സോഷ്യലിസ്റ്റ് രാജ്യമാക്കാന്‍ അദ്ദേഹം ശ്രമിച്ചു.

രണ്ട് തവണ ചേരിചേരാ പ്രസ്ഥാനത്തിന്റെ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്ന 1961 മുതല്‍ 2011 വരെ അതിന്റെ സെക്രട്ടറിയായിരുന്നു. അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്തെ വ്യവസായവും വാണിജ്യവും എല്ലാം ദേശീയവല്‍ക്കരിക്കരിച്ചു.

ക്യൂബന്‍ വിപ്ലവത്തിനു ശേഷം വിവിധ സോഷ്യലിസ്റ്റ് - വിപ്ലവ പ്രസ്ഥാനങ്ങള്‍ ലയിച്ച് 1965ല്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതു മുതല്‍ ഫിദല്‍ കാസ്ട്രോ ആയിരുന്നു ഫസ്റ്റ് സെക്രട്ടറി.

കാസ്‌ട്രോയെ വധിക്കാന്‍ അമേരിക്കന്‍ ചാര സംഘടന പലതവണ ശ്രമിച്ചിരുന്നു. ക്യൂബയുടെ കണക്കു പ്രകാരം 1958നും 2000 നുമിടയില്‍ 634 വട്ടം അമേരിക്ക ഫിദല്‍ കാസ്‌ട്രോയെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.