കാബൂൾ: അഫ്ഗാൻ താലിബാന്റെ പിടിയിലായതോടെ ലോകരാജ്യങ്ങൾ ഏറെ ആശങ്കയോടെ നോക്കിക്കണ്ടിരുന്നത് അഫ്ഗാനിസ്താനിലെ സ്ത്രീകളെയായിരുന്നു. സ്വതന്ത്രമായി വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾക്ക് എന്തുപറ്റി എന്ന് പല കോണിൽ നിന്നും ചോദ്യങ്ങളുയർന്നിരുന്നു. എന്നാൽ താലിബാൻ അധികാരത്തിലെത്തിയതോടെ സ്ത്രീകളുടെ കാര്യത്തിൽ പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ജോലിയും സ്വതന്ത്ര പഠനവും പെൺകുട്ടികൾക്ക് താലിബാൻ നിഷേധിച്ചിരുന്നു.

രാജ്യത്ത് ഉണ്ടായിരുന്ന എയര്‍ ഹോസ്റ്റസുമാരുടെയും ഫാഷൻ ഡിസൈനർമാരുടേയും കാര്യമായിരുന്നു കൂടുതൽ കഷ്ടം. സ്വപ്ന തൊഴിലുകളിൽ നിന്ന് ഒളിവിൽ കഴിയുകയാണ് അഫ്ഗാൻ എയർലൈൻസായ അരിയാനയിലെ എയർ ഹോസ്റ്റസും അഫ്ഗാനിലെ ഫാഷൻ ഡിസൈനർമാരുമടങ്ങുന്ന 11 പേർ. ബിബിസിയാണ് ഇവരെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത്.

താലിബാൻ അഫ്ഗാൻ പിടിച്ചടക്കിയത് ഒരു നടുക്കത്തോടെയാണ് പെൺകുട്ടികൾ ഓർക്കുന്നത്. അതൊരു കാള രാത്രിയായിരുന്നു, സിനിമകളിൽ പോലും അത്തരത്തിൽ ഒരു സീൻ കണ്ടിട്ടുണ്ടാവില്ല. അവസാനത്തെ ഫ്ലൈറ്റ് താലിബാൻ പിടിച്ചടുക്കുമ്പോൾ അക്ഷരാർത്ഥത്തിൽ ഞങ്ങൾ കരയുകയായിരുന്നു. എന്താണ് സംഭവിക്കുക എന്നത് അവ്യക്തമായിരുന്നു. ഇനി എവിടേക്ക് പോകും എന്ന കാര്യത്തിൽ യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. ആൾപ്പാർപ്പില്ലാത്ത വീട്ടിൽ ഒളിവിൽ കഴിയുന്ന പെൺകുട്ടികൾ കണ്ണീരോടെ പറയുഞ്ഞു.

Ariana airlines
Photo: AFP

താലിബാൻ അധികാരത്തിലെത്തി വിമാന സർവീസുകൾ ആരംഭിച്ചു. എന്നാൽ സ്ഥിതിഗതികളൊക്കെ സാധാരണ രീതിയിലാകുന്നത് വരെ തങ്ങളോട് ജോലിക്ക് വരണ്ടതില്ല എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ശാരീരീകമായും മാനസികമായും സമാധാനമില്ല. ഇനി അവർ തങ്ങളെ തിരിച്ചെടുത്താൽ തന്നെ തങ്ങളുടെ എയർ ഹോസ്റ്റസ് യൂണിഫോം ധരിക്കാൻ സാധിക്കുമോ എന്ന് യാതൊരു ഉറപ്പും ഇല്ല. സർക്കാരിന്റെ കാറിൽ ഇരിക്കാൻ തങ്ങൾക്ക് അനുവാദം ഉണ്ടാകില്ലെന്നും പെൺകുട്ടികൾ വ്യക്തമാക്കി.

Ariana airlines
Photo: AFP

കുട്ടിക്കാലം മുതലേയുള്ള സ്വപ്നമായിരുന്നു. വളരെ കഷ്ടപ്പെട്ടായിരുന്നു ഈ ജോലി ലഭിച്ചത്. അത്രപെട്ടെന്നൊന്നും ലഭിക്കുന്ന ജോലി ആയിരുന്നില്ല ഇത്. എന്നാൽ ഇപ്പോൾ ഞങ്ങളുടെ സ്വപ്നം തകർന്നിരിക്കുന്നു. ആ സന്തോഷമുള്ള ദിവസങ്ങൾ ഇനി തിരികെ വരില്ല. ഒരുപാട് നല്ല ഓർമ്മകളാണ് അന്ന് സമ്മാനിച്ചത്. ഇനി ഒരിക്കൽ പോലും എയർ ഹോസ്റ്റസായി ചിരിച്ച് നിൽക്കുന്ന ചിത്രം പകർത്താൻ സാധിക്കില്ല. ഇപ്പോഴും അതിശയമാണ് എങ്ങനെയാണ് താലിബാൻ ഭീകരരിൽ നിന്ന് അന്ന് രക്ഷപ്പെട്ടത് എന്ന കാര്യത്തിൽ.

ഒരാൾ രക്ഷപ്പെടുന്നതിന് മുമ്പ് താലിബാൻ ഭീകരരുടെ പിടിയിലാകുകയും ക്രൂര മർദ്ദനത്തിനിരയാക്കുകയും ചെയ്തതായി അയൽവാസികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ഒളിവിൽ കഴിയുന്നവരുടെ കൂട്ടത്തിൽ ഫാഷൻ ഡിസൈനർമാരും ഉണ്ട്. ഫാത്തിമ, മസ്ഹന്‍ എന്നീ ഫാഷൻ ഡിസൈനർമാരാണ് ഇവരുടെ കൂടെ ഒളിവിൽ കഴിയുന്നത്. 

മുമ്പ് താലിബാൻ സർക്കാർ ഉണ്ടായിരിക്കുമ്പോൾ വസ്ത്രങ്ങളുടെ കാര്യത്തിൽ അവർ കണിശത കാണിച്ചിരുന്നു. ഇത്തരത്തിലുള്ള വസ്ത്രങ്ങളൊന്നും അനുവദിച്ചിരുന്നില്ല. ഇനിയും അവർ അങ്ങനെയാണെങ്കിൽ എന്താണ് ഞാൻ തയ്യാറാക്കേണ്ടത്. ആരേയും ധരിക്കാൻ അനുവദിക്കില്ലെങ്കിൽ ആർക്ക് വേണ്ടിയാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്യേണ്ടത്? ആരാണ് ഞങ്ങളെ അനുകൂലിക്കുക? -  മസ്ഹന്‍ ചോദിക്കുന്നു.

വനിതകൾക്കും പെൺകുട്ടികൾക്കും വേണ്ടിയാണ് ജോലി ചെയ്തിരുന്നത്. ഇനിയും അത് തുടരണമെന്ന് തന്നൊണ് ആഗ്രഹം. ഇപ്പോഴും സ്ട്രോങ്ങാണ്, പഴയതിനേക്കാൾ സ്ട്രോങ് -  ഫാത്തിമ പറഞ്ഞു.

Content Highlights: female cabin crew working for the Afghanistan Ariana Airlines