കാബൂൾ: താലിബാൻ മോചിപ്പിച്ച തടവുപുള്ളികളെ പേടിച്ച് അഫ്ഗാനിസ്താനിൽ 200ലേറെ വനിതാ ജഡ്ജിമാർ ഒളിവിൽ പോയതായി റിപ്പോര്‍ട്ട്. കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ ക്രിമിനൽ പശ്ചാത്തലമുള്ള ആയിരക്കണക്കിന് തടവുപുള്ളികളേയും അല്‍ ഖ്വയ്ദ അടക്കമുള്ള തീവ്രവാദികളേയും താലിബാൻ മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്ക് ശിക്ഷ നൽകിയ ജഡ്ജിമാർ ഒളിവിൽ പോയത്.  

താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതോടെ വനിതാ ജഡ്ജിമാർ ഭീതിയിലാണ് കഴിയുന്നതെന്ന് യുകെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. 

തങ്ങൾ താമസിക്കുന്ന പ്രവിശ്യയിലെത്തി ഏതെങ്കിലും വനിതാ ജഡ്ജിമാർ ഒളിവിൽ കഴിയുന്നുണ്ടോ എന്നത് സംബന്ധിച്ച് താലിബാൻ അന്വേഷിച്ചതായി നാംഗർ പ്രവിശ്യയിൽ താമസിക്കുന്ന 38 കാരിയായ വനിതാ ജഡ്ജി പറയുന്നു. ഇവർ ഇപ്പോൾ ഒളിവിൽ കഴിയുകയാണ്.

എല്ലായിടത്തും താലിബാന്‍കാരാണ്. ഭയത്തോടെയാണ് ജീവിക്കുന്നത്. താലിബാൻ തന്നെ കണ്ടെത്തുകയാണെങ്കിൽ കൊന്നുകളയും. ജഡ്ജിമാര്‍ക്ക് പുറമേ അഫ്ഗാന്‍ സര്‍ക്കാരില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥര്‍, സൈനികര്‍, വനിതാ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെക്കുറിച്ചെല്ലാം അയല്‍വാസികളോട് താലിബാന്‍ വന്നന്വേഷിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

content highlights: Fear of prisoners freed by Taliban pushes 200 female Afghan judges into hiding