
-
വാഷിങ്ടണ്‍: ഡല്‍ഹി കലാപത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണത്തെ വിമര്‍ശിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ബേണി സാന്‍ഡേഴ്സ്. മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ ട്രംപ് പരാജയപ്പെട്ടുവെന്ന് സാന്‍ഡേഴ്സ് വിമര്‍ശിച്ചു. ഡല്‍ഹി സംഘര്‍ഷത്തില്‍ യുഎസ് എംപിമാര്‍ കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് സാന്‍ഡേഴ്സ് ട്രംപിനെതിരെ രംഗത്തെത്തിയത്.
'ഇന്ത്യാ സന്ദര്‍ശന വേളയില്‍ ന്യൂഡല്‍ഹിയില്‍ നടന്ന അക്രമസംഭവങ്ങളില്‍ ട്രംപിന്റെ പ്രസ്താവന നേതൃപരാജയമായിരുന്നു'സാന്‍ഡേഴ്സ് പറഞ്ഞു. ഡല്‍ഹി സംഘര്‍ഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതിനെ കുറിച്ച് മോദിയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപ് മറുപടി നല്‍കിയിരുന്നത്. ഇന്ത്യയില്‍ വ്യക്തികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് കേട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.
'ഡല്‍ഹിയില്‍ വ്യാപക മുസ്ലിം വിരുദ്ധ ജനക്കൂട്ട ആക്രമണത്തില്‍ 27 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ട്രംപ് ഇതിനോട് പ്രതികരിച്ചത് അത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ്. ഇത് മനുഷ്യാവകാശങ്ങളില്‍ നേതൃപരമായ പരാജയമാണ് കാണിക്കുന്നത്' സാന്‍ഡേഴ്സ് ട്വീറ്റ് ചെയ്തു.
പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ക്കെതിരെ വിമര്‍ശനം നടത്തുന്ന രണ്ടാമത്തെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് സാന്‍ഡേഴ്സ്. എലിസബത്ത് വാറെന്‍ നേരത്തെ ഡല്‍ഹി സംഘര്‍ഷത്തെ വിമര്‍ശിച്ചിരുന്നു.
Content Highlights: 'Failure Of Leadership On Human Rights': Bernie Sanders On Trump's Response To Delhi Violence
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..