ന്യൂഡൽഹി: കോവിഡ്-19 വ്യാപനം തടയാൻ മുഖാവരണം ഉപയോഗിക്കുന്നതിനായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പുതിയ മർഗനിർദേശങ്ങൾ പുറത്തിറക്കി. വായു സഞ്ചാരം വളരെ കുറഞ്ഞ മുറികളിൽ മുഖാവരണം ധരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ നിർദേശം.

വായു സഞ്ചാരം വളരെ കുറഞ്ഞ എയർ കണ്ടീഷനുള്ള കാറുകളിലും ചെറിയ മുറികളിലും വൈറസിന് വായുവിലൂടെ സഞ്ചരിക്കാനും ആരോഗ്യമുള്ള വ്യക്തികളിൽ അണുബാധയുണ്ടാക്കാനും സാധിക്കും. അതിനാൽ മുറികളിലും പ്രത്യേകിച്ച് പൊതുഇടങ്ങളിലെ മുറികളിൽ മാസ്ക് ധരിക്കണമെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ നിർദേശം. സെൻട്രൽ എയർ കണ്ടീഷനിലൂടെ വൈറസ് പടരുമെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ജിമ്മുകളിൽ വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്നും നിർദേശമുണ്ട്. അതേസമയം മതിയായ വായു സഞ്ചാരവും കൃത്യമായ സാമൂഹിക അകലവും ഉറപ്പുവരുത്തണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കുന്നത് വ്യക്തികളുടെ ആരോഗ്യത്തിന് ദോഷമല്ലെന്ന് നിരവധി ഗവേഷകർ നേരത്ത അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇതിന് നേർവിപരീതമാണ് ഡബ്ല്യുഎച്ച്ഒയുടെ പുതിയ നിർദേശം.

വൈറസ് ബാധയേൽക്കാനുള്ള സാധ്യത കുറയ്ക്കാൻ ജനങ്ങൾ മാസ്ക് ശരിയായി മുറുക്കി ധരിക്കണമെന്ന നിർദേശവും ഡബ്ല്യുഎച്ച്ഒ മുന്നോട്ടുവയ്ക്കുന്നു. അഞ്ച് വയസ് വരെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ല. ആറിനും പതിനൊന്നിനുമിടയിൽ പ്രായമുള്ള കുട്ടികൾ അവസരത്തിനൊത്ത് മാസ്ക് ധരിക്കാനുള്ള തീരുമാനമെടുക്കണമെന്നും ഡബ്ല്യു.എച്ച്.ഒ നിർദേശിച്ചു.

അതേസമയം മാസ്ക് ധരിക്കുന്നത് കോവിഡിനെതിരേയുള്ള മാന്ത്രികമായ പരിഹാരമല്ലെന്നും എന്നിരുന്നാലും വൈറസ് വ്യപാനം തടയുന്നതിനുള്ള സമഗ്രമായ സമീപനത്തിനായി ഈ രീതി സ്വീകരിക്കണമെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു.

content highlights:face mask use, WHO issues latest guidelines