ധാക്ക: ബംഗ്ലാദേശിലെ ഏറ്റവും വലിയ ഈദ് നമസ്‌കാരം നടക്കുന്ന കിഷോര്‍ ഗഞ്ചിലെ ഷോലാകിയ മൈതാന കവാടത്തില്‍ സ്ഫോടനം. വ്യാഴാഴ്ച രാവിലെ നടന്ന സ്ഫോടനത്തില്‍ ഒരു പോലീസുകാരന്‍ അടക്കം നാല് പേര്‍ മരിച്ചു. 12 പോലീസുകാര്‍ക്ക് പരിക്കേറ്റു.ജഹുറുള്‍ ഹഖ് (30) എന്ന പോലീസുദ്യോഗസ്ഥനാണ് മരിച്ചത്.

മൈതാനത്തിന്റെ കവാടത്തിലുള്ള പോലീസ് ചെക്‌പോസ്റ്റിന് നേരെ ബോംബെറിഞ്ഞ അക്രമി സംഘം വടിവാളുപയോഗിച്ച് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ ആക്രമികളില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാളെ പിടികൂടുകയും ചെയ്തു. 

തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നില്ലെന്ന് ബംഗ്ലാദേശ് വാര്‍ത്താ വിതരണ മന്ത്രി ഹസനുള്‍ ഹഖ് ഇനു അറിയിച്ചു. ഈദ് നമസ്‌ക്കാര സ്ഥലത്ത് ജനങ്ങളെ നിയന്ത്രിക്കുന്ന പോലീസുകാരെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകദേശം രണ്ട് ലക്ഷത്തോളം ആളുകളാണ് ധാക്കയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള കിഷോര്‍ഗഞ്ച് മൈതാനത്ത് ഈദ് നമസ്‌ക്കാരത്തിനായി ഒത്തു കൂടുന്നത്.

 22 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്ന് ഒരാഴ്ച പിന്നിടുന്ന അവസരത്തിലാണ് ബംഗ്ലാദേശില്‍ വീണ്ടും സ്ഫോടനമുണ്ടായിരിക്കുന്നത്.  ഇന്ത്യക്കാരും അമേരിക്കക്കാരും ജപ്പാന്‍ സ്വദേശികളുമായിരുന്നു അന്ന് മരിച്ചവരില്‍ ഏറെയും.