ഷാങ്ഹായിൽ കോവിഡ് പരിശോധനയ്ക്കായി വരിനിൽക്കുന്ന ജനങ്ങൾ | ഫോട്ടോ: എ.പി.
ബെയ്ജിങ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെ ചൈനയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധന. മൂന്നു മാസത്തിനിടയില്‍ ചൈനയിലെ 60 ശതമാനം ജനങ്ങളെയും ആഗോളതലത്തില്‍ 10 ശതമാനം ജനങ്ങളെയും കോവിഡ് ബാധിച്ചേക്കാമെന്നാണ് വിദഗ്ധർ നല്‍കുന്ന മുന്നറിയിപ്പ്. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളേയും വൈറസ് വകഭേദങ്ങളേയും തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
നവംബര്‍ 19-നും 23-നും ഇടയില്‍ നാല് കോവിഡ് മരണം മല്ലാതെ മറ്റു കോവിഡ് മരണങ്ങളൊന്നും ചൈനയില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, ബെയ്ജിങ്ങില്‍ കോവിഡ് മൂലം മരിക്കുന്നവരെ സംസ്‌കരിക്കുന്ന ശ്മശാനത്തില്‍ മൃതശരീരങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രികളെല്ലാം തന്നെ കോവിഡ് ബാധിതരാല്‍ നിറഞ്ഞിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
മൃതദേഹം സംസ്‌കരിക്കുന്നതിനും മരണാനന്തര ചടങ്ങുകള്‍ക്കും തിരക്ക് വര്‍ധിച്ചിരിക്കുകയാണെന്നും അതിനാല്‍ 24 മണിക്കൂറും ജോലിചെയ്യേണ്ട സ്ഥിതിയാണെന്നും ശ്മശാനത്തിലെ ജോലിക്കാരെ ഉദ്ധരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം 30-40 മൃതശരീരങ്ങള്‍ എത്തിയിരുന്നിടത്ത് 200 ഓളം മൃതദേഹങ്ങള്‍ എത്തുന്നുണ്ടെന്നും അര്‍ധരാത്രിയിലും പുലര്‍ച്ചെയും വരെ ശ്മശാനം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജീവനക്കാരില്‍ പലര്‍ക്കും കോവിഡ് പിടിപെട്ടതായും ബെയ്ജിങ്ങിലെ ഡോങ്ജിയാവോ ക്രിമേറ്ററിയത്തിലെ ജീവനക്കാരി പറഞ്ഞു.
ചൈനയിലെ കോവിഡ് വ്യാപനം ആശങ്കയുളവാക്കുന്നതാണെന്ന് യുഎസ് ചൂണ്ടിക്കാട്ടുന്നു. ചൈനയില്‍ രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന ക്രമാതീതവര്‍ധനവ് ആഗോള സാമ്പത്തികമേഖലയേയും വിപരീതമായി ബാധിക്കാനിടയുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് അഭിപ്രായപ്പെട്ടു.

അടുത്ത 90 ദിവസത്തിനുള്ളില്‍ ചൈനയിലെ 60 ശതമാനവും ആഗോളതലത്തില്‍ 10 ശതമാനവും ജനങ്ങളെ കോവിഡ് ബാധിച്ചേക്കാമെന്നും നിരവധി പേര്‍ക്ക് ജീവഹാനി സംഭവിക്കാമെന്നും പകർച്ചവ്യാധി വിദഗ്ധനും ഹെല്‍ത്ത് ഇക്കോണമിസ്റ്റുമായ അമേരിക്കന്‍ ഗവേഷകന്‍ എറിക് ഫീഗല്‍-ഡിങ് പറയുന്നു. രോഗം വരണമെന്നുള്ളവര്‍ക്ക് രോഗം ബാധിച്ചോട്ടെയെന്നും മരിക്കണമെന്നുള്ളവര്‍ മരിക്കട്ടെയെന്നുമാണ് ചൈനീസ് ഭരണകൂടം കരുതുന്നതെന്നും ഡിങ് കൂട്ടിച്ചേര്‍ക്കുന്നു.
മരണസംഖ്യയുടേയോ രോഗബാധിതരുടേയോ കൃത്യമായ കണക്ക് ലഭ്യമല്ലെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന് ചൈനയില്‍ ദിവസങ്ങള്‍തന്നെ വേണ്ടിവരുന്നില്ലെന്നും ഇപ്പോഴതിന് മണിക്കൂറുകള്‍തന്നെ മതിയെന്നും ആരോഗ്യമേഖലയിലെ വിദഗ്ധർ പറയുന്നു. പിസിആര്‍ ടെസ്റ്റുകളുടെ കുറവ് രോഗബാധിതരുടെ കൃത്യമായ കണക്ക് കണ്ടെത്തുന്നത് പ്രയാസകരമാക്കുന്നു.
ഐബുപ്രൂഫന്‍ ഗുളികകള്‍ തേടി മരുന്നുകടകളിലേക്ക് ജനങ്ങള്‍ എത്തുകയാണ്. പലയിടത്തും ഗുളികകള്‍ കിട്ടാനില്ലെന്നും പരാതിയുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ മാത്രം ആംബുലന്‍സുകള്‍ക്കായി വിളിച്ചാല്‍ മതിയെന്ന് ബെയ്ജിങ് എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ ഡിസംബര്‍ ആദ്യം നിർദേശിച്ചിരുന്നു. ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരില്ലാത്തതും രോഗികളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വര്‍ധനവും ചൈനയുടെ ആരോഗ്യമേഖലയെ അലട്ടുകയാണെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ വാക്‌സിനേഷന്‍ നിരക്കും അടിയന്തര ചികിത്സയ്ക്കായി വകയിരുത്തുന്ന തുകയുടെ കുറവും ചൈനയിലെ 140 കോടി ജനങ്ങളെയും കോവിഡ് ബാധയിലേക്ക് നയിക്കുമെന്ന ആശങ്കയുയർത്തുന്നു.
ഇന്ത്യയിലും ജാഗ്രതാനിര്‍ദേശം
ചൈനയില്‍ കോവിഡ് കേസുകള്‍ നിയന്ത്രണാതീതമായി വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ കരുതല്‍ നടപടികള്‍ സ്വീകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. INSACOG ശൃംഖലയിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളേയും വൈറസ് വകഭേദങ്ങളേയും തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജപ്പാന്‍, യുഎസ്, കൊറിയ, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത സ്ഥിതിയ്ക്ക് കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പോസിറ്റീവ് കേസുകളുടെ സാംപിളുകള്‍ എല്ലാ ദിവസവും INSACOG ലാബുകളിലേക്ക് അയക്കണമെന്നും നിര്‍ദേശമുണ്ട്.
Content Highlights: Covid-19, Expert Says 60% Of China May Get Infected In 3 Months
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..