.jpg?$p=fc9fb4f&f=16x10&w=856&q=0.8)
വിക്ടോർ മെദ്വെദ്ഷുക്ക് | Photo: AP
കീവ്: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുതിനെ അനുകൂലിക്കുന്ന പ്രതിപക്ഷ നേതാവ് വിക്ടോര്‍ മെദ്വെദ്ഷുക്കിനെ പിടികൂടി യുക്രൈന്. റഷ്യയെ അനുകൂലിക്കുന്ന ഇദ്ദേഹത്തെ വിട്ടയക്കണമെങ്കില്‍ റഷ്യ യുദ്ധത്തടവുകാരാക്കിയ തങ്ങളുടെ പൗന്മാരെ വിട്ടയക്കണമെന്നാണ് യുക്രൈന് പ്രസിഡന്റ് വളോദിമിര്‍ സെലന്‍സ്കി മുന്നോട്ടുവയ്ക്കുന്ന ഉപാധി.
മെദ്വെദ്ഷുക്കിനെ പിടികൂടിയ വിവരം യുക്രൈന് ദേശീയ സുരക്ഷാ ഏജന്‍സി തലവനായ ഇവാന് ബകാവനോവ് സ്ഥിരീകരിക്കുകയും ചെയ്തു. മെദ്വെദ്ഷുക്കിനെ വിലങ്ങണിയിച്ച് ഇരുത്തിയിരിക്കുന്ന ചിത്രവും സെലന്‍സ്കി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
കടുത്ത റഷ്യന്‍ അനുകൂലി, പുതിന്റെ വിശ്വസ്തന്
യുക്രൈനിലെ റഷ്യന്‍ അനുകൂല പ്രതിപക്ഷ വിഭാഗത്തിന്റെ നേതാവാണ് മെദ്വെദ്ഷുക്ക്. യുക്രൈനിലെ റഷ്യന്‍ അനുകൂല മുഖമായാണ് മെദ്വെദ്ഷുക്കിനെ പരിഗണിക്കുന്നത്. യുദ്ധം ആരംഭിക്കുന്നതിന് മുന്‍പുതന്നെ മെദ്വെദ്ഷുക്കിനെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. എന്നാല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഇദ്ദേഹം രക്ഷപ്പെട്ടിരുന്നു.
റഷ്യന്‍ പ്രസിഡന്റ് വ്ലോദിമിര്‍ പുതിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അഭിഭാഷകനായ ഈ വ്യവസായി പ്രമുഖന്. പുതിനൊപ്പമുള്ള മെദ്വെദ്ഷുക്കിന്റെ നിരവധി ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. റഷ്യയിലാണ് മെദ്വെദ്ഷുക്ക് ജനിച്ചത്. 2002-2005 കാലഘട്ടത്തില്‍ യുക്രൈന് പ്രസിഡന്റായിരുന്ന ലിയോനിഡ് കുഷ്മയുടെ ഓഫീസിലെ പ്രധാനിയായിരുന്നു അദ്ദേഹം. പിന്നീട് റഷ്യന്‍ വിരുദ്ധ പ്രസിഡന്റ് വിക്ടോര്‍ യുഷ്ചെങ്കോയുടെ എതിരാളിയായി മാറി.
യുക്രൈനിലെ അവസാന റഷ്യന്‍ അനുകൂല പ്രസിഡന്റ് വിക്തോര്‍ യാനുകോവിച്ചുമായും അടുത്ത ബന്ധമുണ്ടായിരുന്നു മെദ്വെദ്ഷുക്കിന്. 2008-ലെ കണക്കനുസരിച്ച് 46 കോടി ഡോളറിന്റെ സ്വത്തുവകകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഊര്‍ജ്ജ മേഖലയിലും മാധ്യമ മേഖലയിലുമാണ് പ്രധാന നിക്ഷേപങ്ങള്‍. യുക്രൈനിലെ കിഴക്കന്‍ മേഖലയില്‍ റഷ്യ ആക്രമണം നടത്തിയപ്പോള്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നത് മെദ്വെദ്ഷുക്കിന്റെ നേതൃത്വത്തിലാണ്. ക്രിമിയ പിടിച്ചെടുക്കാനുള്ള നീക്കങ്ങളില്‍ റഷ്യയെ സഹായിച്ചതിന്റെ പേരില്‍ 2014 മുതല്‍ അമേരിക്ക ഇദ്ദേഹത്തിന് ഉപരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സൈനിക നടപടി തുടരുമെന്ന റഷ്യന്‍ നിലപാടിന് പിന്നാലെ യുക്രൈനിലേക്ക് അമേരിക്ക കൂടുതല്‍ ആയുധം എത്തിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. റഷ്യ നടത്തുന്നത് വംശഹത്യയാണെന്ന് ബൈഡന് ആരോപിക്കുകയും ചെയ്തിരുന്നു. വംശഹത്യയുടെ പരിധിയില്‍ വരുന്ന കാര്യം നിയമവിദഗ്ധരുമായി ചര്‍ച്ചചെയ്തുവരികയാണെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..