ബീജിങ്: ഊര്‍ജ മേഖലയില്‍ ചൈന നേരിടുന്ന പ്രതിസന്ധി കഴിഞ്ഞ കുറച്ച് ആഴ്ചകളായി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനം മുതല്‍ ലോക രാഷ്ട്രങ്ങളെ വരെ ഇത് സാരമായി ബാധിച്ച് തുടങ്ങിയിരിക്കുന്നു. കോവിഡ് കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ലോകത്തിന് ചൈനയിലെ സ്ഥിതിഗതികള്‍ അത്ര നല്ല സൂചനയല്ല നല്‍കുന്നത്. 

രാജ്യത്തെ ഷിപ്പിങ് മേഖലയില്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ഇതോടെ രാജ്യത്ത് നിന്നുള്ള തുണിത്തരങ്ങളുടേയും കളിപ്പാട്ടങ്ങളുടേയും കയറ്റുമതി പ്രതിസന്ധിയിലാണ്. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാണ്. അതിനിടെ കൊയ്ത്ത് കാലത്ത് പ്രതിസന്ധി തുടരുന്നത് വിലക്കയറ്റം ഉടനെയൊന്നും നിയന്ത്രിക്കാന്‍ കഴിയില്ലെന്ന സൂചനയാണ് നല്‍കുന്നത്. വൈദ്യുതി ക്ഷാമവും ഉത്പാദന മേഖലയിലെ പ്രതിസന്ധിയും പരിഹരിക്കാന്‍ ചൈനയ്ക്ക് ഉടനെ കഴിഞ്ഞില്ലെങ്കില്‍ ലോകത്തെ മൊത്തം ഈ പ്രതിസന്ധി ബാധിക്കും.

രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ഗണ്യമായി താഴേക്ക് പോകുന്നത് ചൈനയ്ക്ക് അത്ര നല്ലതല്ല. കയറ്റുമതി കുറയുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ഇതിനോടകം അഭിപ്രായപ്പെട്ടുകഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി നടത്തുന്നത് ചൈനയാണ്. അതുകൊണ്ട് തന്നെ ചൈനയുടെ പ്രതിസന്ധി ആ രാജ്യത്തിന്റെ അതിര്‍ത്തിയും കടന്ന് പുറത്തേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്.

സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാനും ഊര്‍ജ്ജ പ്രതിസന്ധി നിയന്ത്രണവിധേയമാക്കാനും ചൈന ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇത് എത്ര വേഗത്തില്‍ ഫലം കാണും എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. എത്ര വേഗത്തില്‍ ഫലം ലഭിക്കുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഉണ്ടായ പ്രതിസന്ധി പരിഹരിക്കപ്പെടുക.

കടലാസ് വ്യവസായം, ഭക്ഷ്യ ഉത്പാദനം, പട്ട് വ്യവസായം, ഇലക്ട്രോണിക് ഉപകരണങ്ങൾ, വാഹന നിര്‍മാണം തുടങ്ങി എല്ലാ മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. പേപ്പര്‍ നിര്‍മാണത്തിലെ പ്രതിസന്ധി പാക്കിങ്ആവശ്യങ്ങള്‍ക്കുള്ള കാര്‍ഡ്‌ബോര്‍ഡ് നിര്‍മാണത്തെ ബാധിച്ചിട്ടുണ്ട്. താല്‍കാലികമായി ചില ഫാക്ടറികള്‍ അടച്ചതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തില്‍ മാത്രം 10 മുതല്‍ 15 ശതമാനത്തിന്റെ ഇടിവാണ് മൊത്തം ഉത്പാദനത്തില്‍ കുറവ് വന്നിരിക്കുന്നത്.

രാജ്യത്തെ ഭക്ഷ്യ വിതരണ ശൃംഖലയേയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ കാര്‍ഷിക നിര്‍മാണങ്ങള്‍ നടക്കുന്ന രാജ്യമെന്ന നിലയില്‍ വൈദ്യുതിക്ഷാമം കാര്യമായി ബാധിച്ചിട്ടുണ്ട്. വിളകളും ധാന്യങ്ങളും സംരക്ഷിക്കുന്നതില്‍ പോലും വൈദ്യുതി അത്യന്താപേക്ഷിതമാണെന്നിരിക്കെ ചൈനയില്‍ നിന്നുള്ള കയറ്റുമതി കുറഞ്ഞത് കഴിഞ്ഞ പത്ത് വര്‍ഷത്തെ തന്നെ ഏറ്റവും വലിയ വിലവര്‍ധനവിലേക്ക് കാര്യങ്ങളെ എത്തിച്ചിട്ടുണ്ട്. 

കാര്‍ഷിക മേഖലയ്ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത വളം നിര്‍മാണത്തെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ആഭ്യന്തര ക്ഷീര ഉത്പാദനത്തെയും ഈ അവസ്ഥ ഗുരുതരമായി ബാധിക്കുന്നുണ്ട്. ആഗോള വിപണിയില്‍ വലിയ ഡിമാന്‍ഡുള്ള വസ്തുവാണ് ചൈനീസ് പട്ട്. ഈ മേഖലയെയും പ്രതിസന്ധി വലയ്ക്കുന്നുണ്ട്. ചൈനയിലെ പട്ട് നിര്‍മാണ മില്ലുകള്‍ 40 ശതമാനം വരെ ഉത്പാദനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്.

ടെക്, ഗാഡ്‌ജെറ്റ്‌സ് മേഖലയിലും സ്ഥിതിഗതികള്‍ സമാനമാണ്. ഐഫോണ്‍, മറ്റ് ഫോണുകളുടെ നിര്‍മാണം, ഗെയ്മിങ് ആപ്പുകളുടെ വികസനം തുടങ്ങി ചൈന ആധിപത്യം പുലര്‍ത്തുന്ന ടെക് മേഖലയാണ് വലിയ പ്രതിസന്ധി നേരിടുന്ന മറ്റൊരു മേഖല. ഊര്‍ജ്ജ സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്നതിനാല്‍ മൊത്തം ഉത്പാദനത്തില്‍ ടെക് മേഖലയിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. വാഹന നിര്‍മാണ കമ്പനികളുടെ സ്ഥിതിയും മറ്റൊന്നല്ല.

വൈദ്യുതി മേഖലയില്‍ നേരിടുന്ന പ്രതിസന്ധി ചൈനയ്ക്ക് പുതിയ കാര്യമല്ല. എന്നാല്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം, കയറ്റുമതിയില്‍ മുന്നില്‍  നില്‍ക്കുന്ന രാജ്യം എന്നീ ഘടകങ്ങളാണ് ചൈനയെ പ്രതിസന്ധിയിലാക്കുന്നത്. 

മൊത്തം ആവശ്യവും ലഭ്യതയും തമ്മില്‍ ഒരുമിച്ച് വര്‍ക്ക്ഔട്ടാകുന്നില്ലെന്നതാണ് ചൈനയുടെ പ്രധാന പ്രശ്‌നം. ഈ വര്‍ഷം ചൈന കൈവരിക്കുമെന്ന് കരുതിയിരുന്ന മൊത്തം വളര്‍ച്ചാ നിരക്കിലും ഒരു ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തുന്നത്.

നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതിയുള്ള രാജ്യം എന്ന നിലയില്‍ കോവിഡ് ലോക്ഡൗണിന് ശേഷം വിതരണം വര്‍ധിപ്പിക്കാനായി രാജ്യത്തെ പല ഫാക്ടറികളും അധികസമയം പ്രവര്‍ത്തിച്ചത് പ്രതിസന്ധിക്ക് മറ്റൊരു കാരണമായി. അതോടൊപ്പം മഴക്കാലം വൈകുന്നത് ഉര്‍ജ്ജോദ്പാദനം വേഗത്തിലാക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കും തിരിച്ചടിയാണ്. 

ചൈന മാത്രമല്ല ഈ ഘട്ടത്തില്‍ ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്നത്. ചൈനയിലെ പ്രതിസന്ധി ആ നാട്ടില്‍ നിന്നുള്ള കയറ്റുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളേയും പ്രതിസന്ധിയിലാക്കുന്നുണ്ട്. യുകെ. ഫ്രാന്‍സ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും ഊര്‍ജ്ജ മേഖലയില്‍ പ്രതിസന്ധിയുണ്ട്.

Content Highlights: Energy crisis in China and its aftereffect