Photo : AP
തായ്‌പെയ് സിറ്റി: സൂയസ് കനാലില്‍ എവര്‍ ഗിവണ്‍ എന്ന കപ്പല്‍ കുടുങ്ങിക്കിടന്ന് ഏഴ് ദിവസത്തോളം സമുദ്രഗതാഗതം തടസപ്പെടുത്തി രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ എവര്‍ ഗിവണിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അഞ്ച് വര്‍ഷത്തെ വേതനം ഒരുമിച്ച് നല്‍കുകയാണ് എവര്‍ഗ്രീന്‍ എന്ന തായ്‌വാന്‍ കപ്പല്‍ കമ്പനി. 2021 മാര്‍ച്ച് 23 നാണ് കപ്പല്‍ കുടുങ്ങിയത്. മാര്‍ച്ച് 29ന് ആണ് കപ്പല്‍ കനാലില്‍ നിന്ന് നീക്കിയത്.
കുടുങ്ങിയ കപ്പല്‍ ആറ് ദിവസം കൊണ്ട് 54 ബില്യണ്‍ ഡോളറാണ് (ഏകദേശം നാലര ലക്ഷം കോടി രൂപ) ആഗോളവാണിജ്യമേഖലയില്‍ വരുത്തിയ ധനനഷ്ടം. എന്നാല്‍ 2022-ല്‍ റെക്കോഡ് വരുമാനമാണ് കമ്പനി നേടിയത്.
ലാഭവിഹിതം 3,100 ജീവനക്കാര്‍ക്ക് ഓരോരുത്തരുടേയും കൃത്യനിര്‍വഹണത്തിനനുസൃതമായി വീതിച്ചുനല്‍കും. ഇതനുസരിച്ച് ഓരോരുത്തര്‍ക്കും 16 ലക്ഷം രൂപവരെ ലഭിക്കും. 2022 ഡിസംബറില്‍ 50 മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് എവര്‍ഗ്രീന്‍ പാരിതോഷികമായി നല്‍കിയിരുന്നു. അതിന് പുറമെയാണ് പുതിയ സമ്മാനപ്രഖ്യാപനം. സൂയസ് കനാല്‍ അപകടത്തിന് ശേഷം അക്കൊല്ലം ഡിസംബറില്‍ 40 മാസത്തെ ശമ്പളത്തിന് തുല്യമായ തുക ലാഭവിഹിതമായി കമ്പനി ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്നു.
കോവിഡ് വിലക്കുകള്‍ നീക്കിയതിനുപിന്നാലെ വന്‍ലാഭമാണ് എവര്‍ഗ്രീന്‍ കമ്പനി നേടുന്നത്. അതേസമയം, മൊത്തം കപ്പല്‍ വ്യവസായമേഖല വലിയ തിരിച്ചടിയാണ് നേരിടുന്നത്. 2021-ല്‍ 250 ശതമാനമായിരുന്നു എവര്‍ഗ്രീന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നേട്ടമുണ്ടാക്കിയത്. പക്ഷെ കഴിഞ്ഞകൊല്ലം 54 ശതമാനം നഷ്ടം നേരിട്ടെങ്കിലും ലാഭവിഹിതം ജീവനക്കാര്‍ക്ക് നല്‍കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയില്ല.
Content Highlights: Employees get 5 year salary as bonus, from firm responsible for Suez blockage Ever Green Ever Given
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..