കാനേഡിയൻ പാർലമെൻറിന് മുന്നിലെ പ്രതിഷേധം | ചിത്രം: AFP
ഒട്ടാവ: കനേഡിയന്‍ സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിക്കുന്നവര്‍ സിറ്റി സെന്റര്‍ ഉപരോധിച്ചതിനാല്‍ കനേഡിയന്‍ തലസ്ഥാനമായ ഒട്ടാവയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മേയര്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ പ്രതിഷേധം നിയന്ത്രണാതീതമാണെന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ഒട്ടാവ മേയര്‍ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് വാക്സിനേഷന്‍ സംബന്ധിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ജനുവരി 29 മുതല്‍ കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലെ തെരുവുകളിലും പാര്‍ലമെന്റിന് മുന്നിലും പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
അതിര്‍ത്തി കടന്ന് സര്‍വീസ് നടത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയതിനെ എതിര്‍ത്തുകൊണ്ടായിരുന്നു പ്രതിഷേധങ്ങളുടെ തുടക്കം. 'ഫ്രീഡം കോണ്‍വോയ്' എന്നായിരുന്നു പ്രതിഷേധത്തിന് അവര്‍ നല്‍കിയ പേര്. എന്നാല്‍ വൈകാതെ ഈ പ്രതിഷേധം വാക്സിനേഷന്‍ വിരുദ്ധ പ്രകടനമായി മാറുകയായിരുന്നു.
നിരവധി ട്രക്കുകള്‍ പങ്കെടുത്ത 'ഫ്രീഡം കോണ്‍വോയ്' ആയിരക്കണക്കിന് പ്രതിഷേധക്കാരുടെ അകമ്പടിയോടെ പ്രകടനം നടത്തി. അതിനിടെ, പ്രകടനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചില ട്രക്ക് ഡ്രൈവര്‍മാര്‍ കാനഡയില്‍ നിന്ന് അമേരിക്കയിലേക്കുള്ള ഹൈവേ ട്രക്കുകള്‍ നിരത്തി തടയുകയായിരുന്നു.
പ്രതിഷേധക്കാര്‍ ഒത്തുകൂടിയതോടെ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും കുടുംബത്തെയും കഴിഞ്ഞയാഴ്ച ഒട്ടാവയിലെ അജ്ഞാത കേന്ദ്രത്തിലേക്ക് അധികൃതര്‍ മാറ്റിയിരുന്നു.
Content Highlights: Emergency declared in ottawa over truckers protests in Canada
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..