പ്രതീകാത്മക ചിത്രം | Photo:AP
ന്യൂഡല്‍ഹി: സുരക്ഷാ ഇടനാഴി എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. ഇനിയും സുരക്ഷാ ഇടനാഴി ലഭിക്കുന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്നും അതിനാല്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും എംബസി നിര്‍ദേശിച്ചു.
'യുദ്ധഭൂമിയില്‍ കുടുങ്ങിയ ആളുകളെ ഒഴിപ്പിക്കാനുള്ള സുരക്ഷാ ഇടനാഴി 2022 മാര്‍ച്ച് 8 മുതല്‍ യുക്രൈനിന്റെ വിവിധ ഭാഗങ്ങളില്‍ പ്രഖ്യാപിച്ചു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അടുത്ത സുരക്ഷാ ഇടനാഴി സ്ഥാപിക്കുന്നത് അനിശ്ചിതത്വത്തിലാണ്. ഒറ്റപ്പെട്ടുപോയ എല്ലാ ഇന്ത്യന്‍ പൗരന്മാരും ഈ അവസരം ഉപയോഗപ്പെടുത്താനും ട്രെയിനുകള്‍ / വാഹനങ്ങള്‍ അല്ലെങ്കില്‍ ലഭ്യമായ മറ്റേതെങ്കിലും ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് സുരക്ഷിതത്വത്തിന് അര്‍ഹമായ പരിഗണന നല്‍കിക്കൊണ്ട് ഒഴിഞ്ഞുമാറാനും അഭ്യര്‍ത്ഥിക്കുന്നു' യുക്രൈനിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ നിര്‍ദേശിച്ചു.
അതേസമയം യുദ്ധത്തില്‍ തകര്‍ന്ന യുക്രൈനിയന്‍ നഗരമായ സുമിയില്‍ കുടുങ്ങിയ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇവരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപ്പറേഷന്‍ ഗംഗയുടെ കീഴിലുള്ള വിമാനങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
റഷ്യന്‍ സൈന്യം കടുത്ത ആക്രമണം നടത്തുന്ന സുമിയില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നത് പ്രതിസന്ധിയിലായിരുന്നു. സുഗമമായി വിദ്യാര്‍ഥികളെ ഒഴിപ്പിക്കാനുള്ള വഴികള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്‍, യുക്രൈന്‍ പ്രസിഡന്റ് വോളോദിമര്‍ സെലെന്‍സ്‌കി എന്നിവരുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സുമിയില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചത്.
Content Highlights: embassy urges indian national to leave as next humanitarian corridor is uncertain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..