വാഷിങ്ടണ്‍: 'ആസ്പെര്‍ഗേഴ്സ് സിന്‍ഡ്രോം' എന്ന ന്യൂറോപ്രശ്നത്തിന്റെ പിടിയിലാണ് താനെന്ന് ഇലോണ്‍ മസ്‌ക്! ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമായ അദ്ദേഹം,   യുഎസ് കോമഡി പരമ്പരയായ 'സാറ്റര്‍ഡേ നൈറ്റ് ലൈവി'ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'ദീര്‍ഘകാലമായുള്ള ഈ പരിപാടിയില്‍ ആതിഥേയത്വം വഹിച്ച ആസ്‌പെര്‍ഗറുള്ള ആദ്യവ്യക്തി ഞാനായിരിക്കും', 49-കാരനായ ഇലോണ്‍ മസ്‌ക് പ്രേക്ഷകരോട് പറഞ്ഞു.

ആസ്പെര്‍ഗേഴ്സ് സിന്‍ഡ്രോം (Asperger's syndrome) ഉള്ള ആളുകള്‍ ചുറ്റമുള്ള പരിസ്ഥിതിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് വ്യാഖ്യാനിക്കുക. തനിക്ക് ഇത്തരമൊരു ന്യൂറോ പ്രശ്നമുള്ള കാര്യം ആദ്യമായിട്ടാണ് മസ്‌ക് വെളിപ്പെടുത്തുന്നത്. താന്‍ എപ്പോഴും സംസാരിക്കുമ്പോള്‍ വളരെ വ്യത്യസ്തതയോ വ്യതിയാനങ്ങളോ ഉണ്ടാകാറില്ലെന്ന് മസ്‌ക പറഞ്ഞു.

ഇതിനിടെ സാറ്റര്‍ഡേ നൈറ്റ് ലൈവില്‍ പങ്കെടുക്കുന്ന ആസ്പെര്‍ഗേഴ്സ് സിന്‍ഡ്രോം ഉള്ള ആദ്യവ്യക്തി താനാണെന്ന മസ്‌കിന്റെ അവകാശവാദത്തെ സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ ചോദ്യം ചെയ്തു. ഹാസ്യ നടന്‍ അയ്‌ക്രോയ്ഡ് ഇത്തരത്തില്‍ മുമ്പ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തുകയും സാറ്റര്‍ഡേ നൈറ്റ് ലൈവില്‍ അതിഥിയായി എത്തിയിട്ടുണ്ടെന്നുമാണ് അവരുടെ വാദം.

'എന്നെ നോക്കൂ, ഞാന്‍ വിചിത്രമായ കാര്യങ്ങള്‍ പറയുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യാറുണ്ടെന്ന് എനിക്കറിയാം. പക്ഷേ എന്റെ മസ്തിഷ്‌കം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. അവഹേളിക്കുന്ന ഏതൊരാളോടും ഇല്ക്ട്രിക് കാറുകള്‍ ഞാന്‍ അടിമുടി മാറ്റിനിര്‍മിച്ചുവെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ആളുകളെ ചൊവ്വയിലേക്ക് അയക്കുന്നു. ഞാനൊരു സാധാരണ സുഹൃത്തായിരിക്കുമെന്ന് നിങ്ങള്‍ കരുതിയോ', ഇലോണ്‍ മസ്‌ക് പരിപാടിയില്‍ ചോദിച്ചു.

യുഎസ് സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനെ പരസ്യമായി പരിഹസിച്ചതിനും തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങി കിടന്ന കുട്ടികളെ രക്ഷപ്പെടുത്തിയ രക്ഷാപ്രവര്‍ത്തകനെ 'പെഡോ ഗയ്'എന്ന് വിളിച്ചതിനുമടക്കം ഇലോണ്‍ മസ്‌കിന് നേരത്തെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.