മെക്‌സിക്കോ: ചൊവ്വയില്‍ ആറു വര്‍ഷത്തിനുള്ളില്‍ കോളനികള്‍ സ്ഥാപിക്കുന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന സ്‌പേസ് എക്‌സ് കമ്പനി തങ്ങളുടെ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടു.

ചൊവ്വയിലേക്ക് ആളുകളെ കൊണ്ടുപോകുന്ന വാഹനവും വിക്ഷേപിക്കാനുപയോഗിക്കുന്ന റോക്കറ്റിനേയും സംബന്ധിച്ച വിവരങ്ങളാണ് സ്‌പേസ് എക്‌സ് ഉടമ എലന്‍ മസ്‌ക് വെളിപ്പെടുത്തിയത്. ഇതേ ലക്ഷ്യവുമായി പരീക്ഷിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചിരുന്നു. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായാണ് അദ്ദേഹം കമ്പനിയുടെ പദ്ധതി അവതരിപ്പിച്ചത്. 

2022ല്‍ പദ്ധതി പ്രകാരം ചൊവ്വാ യാത്ര സംഭവിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. 40 മുതല്‍ 100 വര്‍ഷത്തിനുള്ളില്‍ ചൊവ്വയില്‍ സ്ഥിരമായ നഗരങ്ങള്‍ ഉണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വയിലേക്ക് മനുഷ്യരെ എത്തിക്കാനുള്ള പദ്ധതിയുടെ ആനിമേഷൻ വീഡിയോ അമേരിക്കയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ എലന്‍ പ്രദര്‍ശിപ്പിച്ചു.

400 അടി ഉയരമുള്ള ശക്തിയേറിയ റോക്കറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. ചന്ദ്രനിലേക്ക് പോയ അപ്പോളോ ദൗത്യത്തിനായി ഉപയോഗിച്ച സാറ്റണ്‍ റോക്കറ്റിനേക്കാള്‍ കരുത്തേറിയതാണ് ഈ റോക്കറ്റ്. മാത്രമല്ല വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ് റോക്കറ്റായിരിക്കും ഇത്. ഒരു ചൊവ്വാ യാത്രികന് രണ്ട് ലക്ഷം ഡോളറാണ് യാത്രയ്ക്ക് വേണ്ടി ചെലവഴിക്കേണ്ടി വരിക. 

എങ്ങനെയായിരിക്കും റോക്കറ്റ് വിക്ഷേപണമെന്നും ചൊവ്വയിലേക്കുള്ള യാത്രയും മറ്റും വിശദീകരിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചെങ്കിലും പദ്ധതിയുടെ സാങ്കേതിക കാര്യങ്ങള്‍ എലന്‍ വെളിപ്പെടുത്തിയില്ല. 140 ലക്ഷം മൈലുകള്‍ക്കകലെയുള്ള ഒരു ഗ്രഹത്തിലേക്ക് 80 ദിവസങ്ങള്‍ കൊണ്ട് എത്തിക്കുക എന്ന വെല്ലുവിളിയാണ് സ്‌പേസ് എക്‌സ് ഏറ്റെടുത്തിരിക്കുന്നത്.