കാഠ്മണ്ഡു: നേപ്പാളിലെ റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളായ എട്ടുമലയാളികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. നേപ്പാള്‍ ടൂറിസം വകുപ്പാണ് എട്ടുപേരുടെ മരണത്തില്‍ അന്വേഷണ സമിതിയെ നിയോഗിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച രാവിലെയാണ് തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ എട്ടുപേരെ ദമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിയിലെ ഗ്യാസ് ഹീറ്ററില്‍നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് നിഗമനം. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍ (39), ഭാര്യ ശരണ്യ (34) മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍(39) ഭാര്യ ഇന്ദുലക്ഷ്മി(34) മകന്‍ വൈഷ്ണവ്(രണ്ട്) എന്നിവരാണ് മരിച്ചത്. ഇവരുടെ മൂത്ത മകന്‍ മാധവ് മറ്റൊരു മുറിയിലായതിനാല്‍ രക്ഷപ്പെട്ടു.
തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് 15 അംഗ സംഘം റിസോര്‍ട്ടില്‍ എത്തിയത്. ആകെ നാല് മുറികളായിരുന്നു ഇവര്‍ ബുക്ക് ചെയ്തിരുന്നത്. എട്ടുപേര്‍ ഒരു മുറിയില്‍ താമസിച്ചു. ബാക്കിയുള്ളവര്‍ മറ്റു മുറികളിലുമായിരുന്നു. ഇതിനിടെ രാത്രി ഗ്യാസ് ഹീറ്റര്‍ പ്രവര്‍ത്തിച്ചപ്പോള്‍ വാതകം മുറിയില്‍ വ്യാപിച്ചതാകാം മരണകാരണമെന്നാണ് സംശയം. മുറിയിലെ ജനലുകളും വാതിലുകളുമെല്ലാം അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നുവെന്നാണ് മാനേജറുടെ മൊഴി.
ചൊവ്വാഴ്ച രാവിലെ സംഘത്തിലെ മറ്റുള്ളവര്‍ മുറിയില്‍ പോയസമയത്താണ് എട്ടുപേരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഹെലികോപ്റ്റര്‍ മാര്‍ഗം ധംബരാഹിയിലെ എച്ച്.എ.എം.എസ്. ആശുപത്രിയിലെത്തിച്ചു. രാവിലെ 10.40 നും 11.30നുമാണ് എട്ടുപേരെയും ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേ മരണം സംഭവിച്ചിരുന്നതായാണ് എച്ച്.എ.എം.എസ്. ആശുപത്രി അധികൃതരുടെ വിശദീകരണം.
Content Highlights: eight tourists from kerala died in resort; nepal forms probe committee