വാഷിങ്ടണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ സംഗീത നിശയില്‍ തിക്കിലുംതിരക്കിലും പെട്ട് എട്ടുപേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ആസ്‌ട്രോവേള്‍ഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. 

റാപ്പര്‍ ട്രാവിസ് സ്‌കോട്ടായിരുന്നു വേദിയിലുണ്ടായിരുന്നത്. ആരാധകര്‍ വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ദുരന്തം സംഭവിക്കുകയുമായിരുന്നു. 

17 പേരെയാണ് അഗ്നിരക്ഷാ വകുപ്പ് ആശുപത്രിയിലെത്തിച്ചത്. ഇതില്‍ 11 പേര്‍ക്കും ഹൃദയാഘാതം സംഭവിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. എന്താണ് ദുരന്തത്തിന് വഴിവെച്ചതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. 

പരിപാടിയുടെ സംഘാടകരായ ലൈവ് നേഷന്‍ ഇനിയും വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല. അതേസമയം, 75 മിനിറ്റ് നീണ്ട അവതരണത്തിനിടെ ആരാധകര്‍ ബുദ്ധിമുട്ടിലാണെന്ന് കണ്ടതിനെ തുടര്‍ന്ന് പലതവണ സ്‌കോട്ട് പരിപാടി നിര്‍ത്തിയിരുന്നെന്ന് ഹൂസ്റ്റണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. 

രണ്ടുദിവസമായി നടക്കാനിരുന്ന പരിപാടിക്കായി അന്‍പതിനായിരത്തോളം പേരാണ് എത്തിയിരുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാംദിവസത്തെ പരിപാടി റദ്ദാക്കി. 

content highlights: eight dead and many injured in astroworld music festival night