കെയ്റോ: ഈജിപ്തില്‍ മോസ്‌ക്കിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 235 പേര്‍ കൊല്ലപ്പെട്ടു. 120 ഓളം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി ആളുകള്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റിരിക്കുന്നത്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

തലസ്ഥാന നഗരമായ സീനായില്‍ നിന്ന് 40 കിലോമീറ്റര്‍ മാറി ബിര്‍ അല്‍ അബെദ് നഗരത്തിലുള്ള അല്‍ റവ്ദ പള്ളിയില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനെത്തിയവരാണ് ആക്രമണത്തിനിരയായത്. സുരക്ഷാ സേനയെ പിന്തുണയ്ക്കുന്നവരെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നുവെന്നാണ് നിഗമനം. 

പള്ളിക്കു സമീപം സ്ഫോടനം നടത്തി പരിഭ്രാന്തി സൃഷ്ടിച്ച ശേഷമാണ് ഭീകരര്‍ ആരാധനയ്ക്കെത്തിയവര്‍ക്ക് നേരെ നിറയൊഴിച്ചത്. . 

സിനായ് പ്രവിശ്യയുടെ തലസ്ഥാനമായ അല്‍ ആരിഷില്‍ നിന്ന് 25 മൈല്‍ അകലെയുള്ള സ്ഥലമാണ് ആക്രമണം നടന്ന ബിര്‍ അല്‍ അബെദ്. ആക്രണത്തില്‍ പരിക്കേറ്റവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിരവധിപേര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. 

പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി സസ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 2013 മുതല്‍ ഈജിപ്ത് ഭീകരവാദത്തിന്റെ പിടിയിലാണ്. നിരവധി ഭീകരാക്രമണങ്ങള്‍ രാജ്യത്തുടനീളം സംഭവിച്ചിട്ടുണ്ട്.

2013 ല്‍ ഇസ്ലാമിസ്റ്റ് നേതാവായിരുന്ന മൊഹമ്മദ് മുര്‍സിയെ സൈന്യം അട്ടിമറിയിലൂടെ പുറത്താക്കിയതിന് പിന്നാലെയാണ് ഭീകരവാദം ശക്തിപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരരാണ് പല ആക്രമണങ്ങള്‍ക്കും പിന്നിലുള്ളത്. നൂറുകണക്കിന് ആളുകളാണ് ഇതുവരെ ഈജിപ്തില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.