തായ്‌പെയ്: ചൈന നിര്‍മിക്കുന്ന കോവിഡ് വാക്‌സിനുകള്‍ താരതമ്യേന ഫലപ്രാപ്തി കുറഞ്ഞവയാണെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മേധാവി ജോര്‍ജ് ഫു ഗാവോ. ഫലപ്രാപ്തി മെച്ചപ്പെടുത്താന്‍ വിവിധ വാക്‌സിനുകള്‍ കൂട്ടിക്കലര്‍ത്തി പരീക്ഷിക്കുന്ന കാര്യം പരിഗണനയിലാണെന്നും ഗാവോ സൂചിപ്പിച്ചു. ദശലക്ഷക്കണക്കിന് വാക്‌സിന്‍ ഡോസുകള്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതിന് ശേഷമാണ് ആരോഗ്യരംഗത്തെ ഉന്നത ഉദ്യോഗസ്ഥന്‍ വാക്‌സിന്റെ ഗുണനിലവാരത്തെ കുറിച്ചുള്ള പരാമര്‍ശവുമായി രംഗത്തെത്തിയത്. 

ഇൻഡൊനീഷ്യ, പാക്‌സ്താന്‍, യുഎഇ, ബ്രസീല്‍, ഈജിപ്ത് തുടങ്ങി വിവിധ രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള വാക്‌സിനുകള്‍ ഇറക്കുമതി ചെയ്തിരുന്നു. വാക്‌സിന്‍ സ്വീകരിച്ച ചില വ്യക്തികളില്‍ ആന്റിബോഡികളുടെ ഉത്പാദനത്തില്‍ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള സിനോഫാം വാക്‌സിന്‍ രണ്ടിന് പകരം മൂന്ന് ഡോസ് നല്‍കി യുഎഇ പരീക്ഷണം നടത്തിയിരുന്നു. ഫലപ്രാപ്തിയെ കുറിച്ചുള്ള ആശങ്കയെ തുടര്‍ന്ന് ചൈനീസ് വാക്‌സിനായ സിനോവാക് ഇറക്കുമതി ചെയ്ത് സംഭരിച്ചിട്ടുണ്ടെങ്കിലും സിങ്കപ്പുരില്‍ ഇതു വരെ ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയിട്ടില്ല. 

വാക്‌സിനുകളുടെ ഫലപ്രാപ്തി മെച്ചപ്പെടുത്താന്‍ വിവിധ തരത്തിലുള്ള ആലോചനകളാണ് പരിഗണനയിലെന്ന് ഗാവോ വ്യക്തമാക്കി. വാക്‌സിന്റെ അളവ് വര്‍ധിപ്പിക്കുകയോ നല്‍കുന്ന ഡോസുകളുടെ എണ്ണം കൂട്ടുകയോ ചെയ്യാമെന്ന കാര്യം ആലോചിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു. വിവിധ സാങ്കേതിക വിദ്യകളാല്‍ നിര്‍മിച്ച വാക്‌സിനുകള്‍ കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുന്ന കാര്യവും ആലോചിച്ചു വരുന്നതായി ഗാവോ പറഞ്ഞു. പാശ്ചാത്യരാജ്യങ്ങള്‍ മുന്‍തൂക്കം നല്‍കുന്ന മെസഞ്ചര്‍ ആര്‍എന്‍എ(messenger RNA) വാക്‌സിനുകള്‍ ഉത്പാദിപ്പിക്കാന്‍ ചൈന ഒരുങ്ങുന്നതായും ഗാവോ സൂചന നല്‍കി. 

സിനോഫാമും സിനോവാകും നിര്‍വീര്യമാക്കപ്പെട്ട സൂക്ഷ്മാണുക്കള്‍ പാരമ്പര്യരീതിയില്‍ നിര്‍മിച്ച വാക്‌സിനുകളാണ്. ശരീരത്തില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കൂടുതല്‍ സഹായകമായ mRNA ഉപയോഗപ്പെടുത്തുന്ന നൂതന സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്ന വാക്‌സിനുകളോടാണ് അധിക ലോകരാഷ്ട്രങ്ങള്‍ക്കും പഥ്യം. ഇതിന് ഫലപ്രാപ്തിയും കൂടുതലാണ്. അതിനാലാണ് ഈയൊരു രീതി പരീക്ഷിക്കാന്‍ ചൈന ഒരുങ്ങുന്നത്. നിലവില്‍ അംഗീകാരം ലഭിച്ച വാക്‌സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണഫലങ്ങള്‍ ചൈന ഇതു വരെ പുറത്തു വിട്ടിട്ടില്ല. 

ചൈനീസ് വാക്‌സിനുകളെ കുറിച്ച് ഗാവോ നടത്തിയ പരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതിലാണ് പ്രചരിച്ചത്. ഇത് വാക്‌സിനുകളെ കുറിച്ചുള്ള ആശയക്കുഴപ്പനിടയാക്കി. ഗാവോയുടെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്തു. അറുപതിലധികം രാജ്യങ്ങളാണ് ചൈനീസ് വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കിയത്. വിലക്കുറവ് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ വാക്‌സിന്‍ ലഭ്യതക്കായി ചൈനയെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. 

 

 

Content Highlights: Effectiveness Of Chinese Vaccines Not High, Says Top Health Official