കൊളംബോ:  2019 ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ പള്ളികളിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീലങ്കന്‍ മുന്‍മന്ത്രി റിഷാദ് ബതിയുദ്ദീനെയും സഹോദരന്‍ റിയാജ് ബതിയുദ്ദീനെയും 90 ദിവസത്തേക്ക് തടവിലാക്കും. 

ഏപ്രില്‍ 24-നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 2019 ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 274 പേര്‍ കൊല്ലപ്പെടുകയും 542-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 11 ഇന്ത്യക്കാര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്. 

ആക്രമണത്തിന് ഇവര്‍ നല്‍കിയ സഹായത്തെ കുറിച്ചും ചാവേറുകള്‍ക്ക് ആക്രമണത്തിന് പ്രേരണ നല്‍കിയോ എന്നതിനെ കുറിച്ചും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റിഷാദിനെയും റിയാജിനെയും 90 ദിവസത്തേക്ക് തടവിലാക്കുന്നത്. ശ്രീലങ്കയുടെ വ്യവസായ-വാണിജ്യ വകുപ്പു മന്ത്രിയായിരുന്നു റഷീദ്. രാജ്യത്തെ പ്രധാന പ്രതിപക്ഷത്തിന്റെ സഖ്യകക്ഷി നേതാവുമാണ് ഇദ്ദേഹം. 

ബാങ്ക് അക്കൗണ്ടുകള്‍, ചെക്ക് ഇടപാടുകള്‍, ആശയവിനിമയങ്ങള്‍ തുടങ്ങിയവ വിശദമായി പരിശോധിച്ചതിനു പിന്നാലെയാണ് റഷീദിനെയും സഹോദരനെയും അറസ്റ്റ് ചെയ്തതെന്ന് ശ്രീലങ്കന്‍ പോലീസ് വക്താവ് അജിത് രോഹാന പറഞ്ഞു. കൊളംബോയിലെ മൂന്ന് പള്ളികളിലും ഒരു ആഡംബര ഹോട്ടലിലുമാണ് ആക്രമണം നടന്നത്. ഇവിടങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തിയവരുമായി അടുത്തബന്ധം പുലര്‍ത്തിയവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയതെന്നും അജിത് കൂട്ടിച്ചേര്‍ത്തു. അക്രമികളില്‍ ചിലര്‍ റഷീദും സഹോദരനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

ആക്രമണവുമായി ബന്ധപ്പെട്ട് 702 പേര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നും ഇതില്‍ 202 പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ടെന്നും അജിത് പറഞ്ഞു. അതേസമയം റഷീദിന്റെയും സഹോദരന്റെയും അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ആരോപിച്ചു. ഐസിസുമായി ബന്ധമുള്ള പ്രാദേശിക തീവ്ര ഇസ്ലാമിക സംഘടനയായ നാഷണല്‍ തവാഹിദ് ജമാ അത്തില്‍പ്പെട്ട ഒമ്പത് ചാവേറുകളാണ് ആക്രമണം നടത്തിയത്.

content highlights: easter day terror attack: ex srilankan minister and brother to be detained for 90 days