ടോക്യോ: ജപ്പാനിലുണ്ടായ 7.4 തീവ്രതയുള്ള ഭൂചനലത്തെത്തുടര്‍ന്ന് ഫുകുഷിമ ആണവ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. 1.4 മീറ്റര്‍ ഉയരത്തില്‍ സുനാമിത്തിരകള്‍ ആണവ നിലയത്തിന് സമീപമെത്തി. ഭൂചലനം ആണവ നിലയത്തെ ബാധിച്ചിട്ടുണ്ടോയെന്ന് ടോക്യോ ഇലക്ട്രിക് പവര്‍ പരിശോധിച്ചുവരികയാണ്. ഒരു റിയാക്ടറിന്റെ ശീതീകരണ സംവിധാനം കേടുവന്നുവെങ്കിലും പിന്നീട് നന്നാക്കിയെന്ന് അധികൃതര്‍ അറിയിച്ചു.

മൂന്ന് മീറ്റര്‍വരെ ഉയരത്തില്‍ സുനാമിത്തിരകള്‍ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫുകുഷിമ തീരത്തുനിന്ന് കപ്പലുകള്‍ പുറംകടലിലേക്ക് മാറ്റിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീരപ്രദേശത്തെ ജനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. സുനാമി മുന്നറിയിപ്പ് നീക്കുംവരെ തീരദേശത്തെ വീടുകളിലേക്ക് മടങ്ങരുതെന്നാണ് ജനങ്ങള്‍ക്ക് ലഭിച്ച നിര്‍ദ്ദേശം.

പ്രദേശിക സമയം രാവിലെ ആറിനാണ് ഭൂചലനം ഉണ്ടായത്. ജപ്പാന്‍ തലസ്ഥാനമായ ടോക്യോയിലെ കെട്ടിടങ്ങള്‍ അടക്കമുള്ളവ ഭൂചലനത്തില്‍ കുലുങ്ങി. ആളപായമൊ, നാശനഷ്ടങ്ങളൊ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ജനങ്ങള്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കാന്‍ അര്‍ജന്റീന സന്ദര്‍ശനത്തിനിടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 2011 ലുണ്ടായ ഭൂചലനത്തില്‍ ഫുകുഷിമ ആണവ നിലയം തകര്‍ന്നിരുന്നു. 

ന്യൂസിലന്‍ഡിലും ഭൂചലനം

ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തിന് പിന്നാലെ ന്യൂസിലന്‍ഡിലും 5.6 രേഖപ്പെടുത്തിയ ഭൂചലനം. ആളപായമില്ല. നവംബര്‍ 14 ന് ന്യൂസിലന്‍ഡിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കഴിഞ്ഞയാഴ്ച ഉണ്ടായത്.