ഇസ്താൻബുൾ: പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തുര്‍ക്കിയില്‍ നിന്ന് 16.5 കിലോ മീറ്റര്‍ അകലെ ഈജിയന്‍ കടലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 

പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഇസ്മിര്‍ നഗരത്തില്‍ ഭൂകമ്പത്തെ തുടർന്ന് കെട്ടിടങ്ങൾ തകർന്നു. ഇസ്മിറിൽ അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ തീവ്രതയെക്കുറിച്ച് വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. യുഎസ് ജിയോളജിക്കല്‍ സര്‍വേ ഭൂകമ്പത്തിന്റെ തീവ്രത 7.0 രേഖപ്പെടുത്തിയപ്പോള്‍ തുര്‍ക്കി ദുരന്ത നിവാരണ സമിതി  രേഖപ്പെടുത്തിയ തീവ്രത 6.6 ആണ്.

പടിഞ്ഞാറന്‍ ഇസ്മിര്‍ പ്രവിശ്യയിലെ ആറ് കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നതെന്ന് തുര്‍ക്കിയുടെ ആഭ്യന്തര മന്ത്രിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമാണ് ഈജിയന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഇസ്മിർ. തുര്‍ക്കിയിലെ മറ്റ് നഗരങ്ങളായ ബൊര്‍നോവ, ബെയ്റാക്ലി എന്നിവിടങ്ങളിലെ കെട്ടിടങ്ങള്‍ക്കും ഭൂകമ്പത്തില്‍ നാശനഷ്ടമുണ്ടായി.

ഇസ്താംബുള്‍ ഉള്‍പ്പെടെയുള്ള ഈജിയന്‍, മര്‍മറ പ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായി തുര്‍ക്കി അധികൃതര്‍ പറയുന്നുണ്ട്. അതേസമയം, ഇസ്താംബുള്‍ ഗവര്‍ണര്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ലെന്നാണ് പറയുന്നത്.

ഗ്രീക്ക് തലസ്ഥാനമായ ഏഥന്‍സിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഗ്രീസിലുണ്ടായ ഭൂകമ്പം സമോസില്‍ സുനാമി സമാനമായ കടലേറ്റത്തിനിടയാക്കിയിട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക് കേടുപാടുകളും സംഭവിച്ചു. മരണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല..

content highlights: Earthquake of magnitude 7 on the Richter scale hit Izmir, Turkey, small tsunami in Samos