ജക്കാർത്ത: ഇൻഡൊനീഷ്യഷ്യയിലെ ജാവാ ദ്വീപില്‍ ഭൂകമ്പം. 6.0 തീവ്രതയിലുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ സുനാമി ഭീഷണിയില്ലെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ  അറിയിച്ചു. 

കിഴക്കന്‍ ജാവയിലെ  മലാങ് പട്ടണത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ 82 കലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 

ദശലക്ഷണക്കിന് പേര്‍ താമസിക്കുന്ന പട്ടണമാണ് മലാങ്. എന്നാല്‍ ഇതുവരെ ആളപായമൊന്നും സ്ഥിരീകരിച്ചിട്ടില്ല. 

"ശക്തമായ ഭൂചലനമായിരുന്നു, അത് ഏറെ നേരം നിലനില്‍ക്കുകയും ചെയ്തു, മൊത്തം കുലുങ്ങുകയായിരുന്നു", പ്രദേശവാസികളിലൊരാൾ പറഞ്ഞു 

സുലവേസി ദ്വീപിലെ പാലുവില്‍ 2018 ല്‍ ഉണ്ടായ ഭൂചലനത്തിന് 7.5 തീവ്രതയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്നുണ്ടായ സുനാമിയില്‍ 4,300 ല്‍ അധികം ആളുകളാണ് മരണപ്പെടുകയോ കാണാതാവുകയോ ചെയ്തത്. 

2004 ഡിസംബര്‍ 26 ന് സുമാത്ര തീരത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിലുണ്ടായ സുനാമി ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കനത്ത നാശമാണ് വിതച്ചത്.. ഇൻഡൊനീഷ്യയില്‍ 170,000 പേര്‍ ഉള്‍പ്പെടെ 2,20,000 പേരാണ് ആ വര്‍ഷത്തെ സുനാമിയില്‍ മരിച്ചത്.

content highlights: Earthquake of 6.0 magnitude Strikes Indonesia Coast