ജക്കാര്‍ത്ത: പെസഫിക് മേഖലയില്‍ ഇന്‍ഡൊനീഷ്യ, ഫിലിപ്പീന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ ശക്തമായ രണ്ട് ഭൂകമ്പങ്ങള്‍ ഭീതിപരത്തി.

ഭൂകമ്പമാപിനിയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്‍ഡൊനീഷ്യയിലെ സുലാവസിക്ക് വടക്ക് തലൗദ് മേഖലയില്‍ ഉണ്ടായി അരമണിക്കൂറിന് ശേഷമായിരുന്നു വടക്കന്‍ ജപ്പാനില്‍ തീവ്രത 6.0 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 

ലോകത്തേറ്റവുമധികം ഭൂകമ്പങ്ങള്‍ ഉണ്ടാകാറുള്ള പെസഫിക് 'അഗ്നിവലയ' മേഖലയിലാണ് ('റിങ്ങ് ഓഫ് ഫയര്‍') രണ്ട് ഭൂകമ്പവും ഉണ്ടായത്. എന്നാല്‍, മേഖലയില്‍ സുനാമി ഭീഷണിയില്ലെന്ന് പെസഫിക് സുനാമി ജാഗ്രതാകേന്ദ്രം അറിയിച്ചു. മറ്റ് നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ആദ്യഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഫിലിപ്പീന്‍ നഗരമായ ജനറല്‍ സാന്റോസിന് 320 കിലോമീറ്റര്‍ തെക്കുകിഴക്ക് മാറിയായിരുന്നു.  രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം വടക്കന്‍ ജാപ്പനീസ് ദ്വീപായ ഹൊക്കയ്‌ദോയ്ക്ക് 170 കിലോമീറ്റര്‍ വടക്ക് സപ്പോറയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

ഭൂഫലകങ്ങളുടെ കൂട്ടിയിടി നിമിത്തം തുടര്‍ച്ചയായി ഭൂകമ്പനങ്ങളും അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളുമുണ്ടാകുന്ന മേഖലയാണ് പെസഫിക്കിലെ 'അഗ്നിവലയ പ്രദേശം'. 

കഴിഞ്ഞ മാസം മേഖലയില്‍ 6.9 തീവ്രതയുള്ള ഭൂകമ്പം ഭീതിപരത്തിയിരുന്നു.