ഇസ്ലാമാബാദ്: ദക്ഷിണ പാകിസ്താനില്‍ ഭൂചലനം. 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇരുപത് പേർ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഭൂചലനം അനുഭവപ്പെട്ടത്. 

ബലൂചിസ്താനിലെ ഹാര്‍നെയി നഗര മേഖലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് മേല്‍ക്കൂരയും ഭിത്തിയും ഇടിഞ്ഞുവീണാണ് കൂടുതല്‍ മരണവും സംഭവിച്ചത്.

മരിച്ച ഇരുപതുപേരില്‍ ഒരു സ്ത്രീയും ആറു മക്കളും ഉള്‍പ്പെടുന്നതായി പ്രവിശ്യാ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ സുഹൈല്‍ അന്‍വര്‍ ഹാഷ്മി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോടു പ്രതികരിച്ചു. നൂറ്റമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രദേശവാസികളില്‍നിന്ന് ലഭിക്കുന്ന വിവരം. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. 

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഗതാഗതയോഗ്യമല്ലാത്ത റോഡുകളും വൈദ്യുതിബന്ധമില്ലാത്തതും മൊബൈല്‍ റേഞ്ച് ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. വൈദ്യുതിബന്ധം തകരാറിലായതിനെ തുടര്‍ന്ന് പല ആശുപത്രികളിലും ടോര്‍ച്ച് വെളിച്ചത്തിലാണ് പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നത്.  

content highlights: earthquake hits pakistan, many killed in sleep