ഡബ്ലിന്‍: പാമ്പുകളില്ലാത്ത രാജ്യമായ അയര്‍ലന്‍ഡില്‍ ആദ്യമായി ഒരാള്‍ക്ക് പാമ്പുകടിയേറ്റു. തലസ്ഥാന നഗരമായ ഡബ്ലിനിലാണ് ഇരുപത്തിരണ്ടുകാരനായ യുവാവിനെ മാരക വിഷമുള്ള 'പഫ് ആഡ്ഡര്‍' ഇനത്തില്‍പ്പെട്ട പാമ്പ് കടിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് അടിയന്തര ചികിത്സ നല്‍കി. അയര്‍ലന്‍ഡില്‍ ആദ്യമായാണ് ഒരാള്‍ക്ക് ആന്റി വെനം നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയതായി ഐറിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ മൂലം അയര്‍ലന്‍ഡില്‍ പാമ്പുകളില്ല. എന്നാല്‍ യുവാവിനെ ഇയാളുടെ വളര്‍ത്തു പാമ്പാണ് കടിച്ചത്. രാജ്യത്ത് പാമ്പുകളില്ലാത്തതിനാല്‍ തന്നെ ഇവയെ വളര്‍ത്തുന്നത് പതിവാണ്. ഇത്തരത്തില്‍ 'പഫ് ആഡ്ഡര്‍' ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് യുവാവ് വളര്‍ത്തിയിരുന്നത്. ആഫ്രിക്കയിലും സൗദി അറേബ്യയുടെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന മാരക വിഷമുള്ള പാമ്പാണ് 'പഫ് ആഡര്‍'. 

അയര്‍ലന്‍ഡില്‍ ഒരുകാലത്തും പാമ്പുകള്‍ ഉണ്ടായിരുന്നില്ല എന്നാണ് ശാസ്ത്രലോകം കണ്ടെത്തിയത്. ഏതാണ്ട് 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് പാമ്പുകള്‍ ഭൂമിയില്‍ ജന്മം എടുക്കുന്നത്. ഗ്വോണ്ടാനലാന്‍ഡ് എന്ന ഒറ്റ വന്‍കരയായിരുന്നു അന്ന് ഉണ്ടായിരുന്നത്. എന്നാല്‍ ആ സമയം അയര്‍ലന്‍ഡ് ഇതിന്റെ ഭാഗമായിരുന്നില്ല. പിന്നെയും ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അയര്‍ലന്‍ഡ് രൂപം കൊണ്ടത്. 

ഈ സമയത്ത് അയര്‍ലന്‍ഡ് മഞ്ഞു മൂടി കിടക്കുന്ന പ്രദേശമായിരുന്നു. ബ്രിട്ടനുമായി മഞ്ഞു പാളികള്‍ വഴി ബന്ധപ്പെട്ടു കിടന്നിരുന്നുവെങ്കിലും അയര്‍ലന്‍ഡിലേയ്ക്ക് പാമ്പുകള്‍ എത്തിയില്ല. അയര്‍ലന്റില്‍ നിന്ന് മഞ്ഞുരുകി അനുകൂല സാഹചര്യ രൂപപ്പെട്ടപ്പോള്‍ ബ്രിട്ടനും അയര്‍ലന്‍ഡിനും കടലുള്ളതിനാല്‍ പാമ്പുകള്‍ക്ക് കുടിയേറ്റം അസാധ്യമായി. ഇതോടെ പാമ്പുകളില്ലാത്ത രാജ്യമായി അയര്‍ലന്റ് മാറി. 

എന്നാല്‍ സെന്റ് പാട്രിക് അയര്‍ലന്റിലെ പാമ്പുകളെയെല്ലാം സമുദ്രത്തിലേക്ക് തുരത്തി എന്നാണ് അയര്‍ലന്റുകാരുടെ വിശ്വാസം. എ.ഡി അഞ്ചാം നൂറ്റാണ്ടില്‍ നടത്തിയ ഈ പ്രവര്‍ത്തിയോടെ പാമ്പുകള്‍ക്ക് വിലക്കപ്പെട്ട പ്രദേശമായി അയര്‍ലന്‍ഡ് മാറിയെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു.

Content Highlights: Dublin man falls victim to 'first recorded venomous snakebite in Ireland'