ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തല്‍ക്കുളത്തില്‍ മുങ്ങാംകുഴിയിടാന്‍ ഇനി ദുബായിലേക്ക് ഒരു യാത്ര നടത്തിയാല്‍ മതി. ലോകത്തിലെ ഏറ്റവും ഉയരമേറിയ അംബരചുംബിയ്ക്കും ഏറ്റവും വലിപ്പമേറിയ ഷോപ്പിങ് മാളിനുമൊപ്പം വിനോദസഞ്ചാരികള്‍ക്കായി ഒരദ്ഭുതം കൂടി ദുബായില്‍ തയ്യാറായിരിക്കുകയാണ്. ലോകത്തിലെ മറ്റേതൊരു ഡൈവിങ് പൂളിനെക്കാളും പതിനഞ്ച് മീറ്ററോളം ആഴവും നാല് മടങ്ങിലേറെ വലിപ്പവുമുള്ള ഈ നീന്തല്‍ക്കുളത്തിന് ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തല്‍ക്കുളമെന്ന ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സിന്റെ അംഗീകാരം ജൂണ്‍ 27 ന് ലഭിച്ചു. 

ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ഏകദേശം 5,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ പേള്‍ ഡൈവിങ് പൂള്‍ നിര്‍മിച്ചത്. പരിശീലനത്തിനും, വിനോദത്തിനും വിദ്യാഭ്യാസത്തിനുമുള്ള സൗകര്യങ്ങളോടു കൂടിയാണ് ഈ ഇന്‍ഡോര്‍ സ്‌കൂബ ഡൈവിങ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് പ്രസ്താവനയില്‍ ഗിന്നസ് വ്യക്തമാക്കി. 

ആഴങ്ങളിലെ ഒരു അദ്ഭുതനഗരത്തിന് സമാനമാണ് പേള്‍ ഡൈവിങ് പൂള്‍. '60 മീറ്റര്‍(196 അടി) ആഴത്തിലേക്കുള്ള ഡീപ് ഡൈവില്‍ ഒരു പ്രപഞ്ചം മുഴുവനായി നിങ്ങള്‍ക്കായി കാത്തിരിക്കുകയാണ്'. നീന്തല്‍ക്കുളത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കുറിച്ചു. മരങ്ങളും ഗ്രന്ഥശാലകളും ബില്യാഡ്‌സ്, കാരംസ് തുടങ്ങി പലവിധ ഇന്‍ഡോര്‍ ഗെയിമുകളും കുളിമുറികളും തുടങ്ങി നിരവധി സൗകര്യങ്ങള്‍ ആഴത്തില്‍ ഒരുക്കിയിരിക്കുന്നതായി വീഡിയോയില്‍ കാണാം. 

14 ദശലക്ഷം ലിറ്റര്‍ ശുദ്ധജലമാണ് നീന്തല്‍ക്കുളത്തില്‍ നിറച്ചിരിക്കുന്നത്. ഒളിംപിക് നീന്തല്‍ക്കുളങ്ങളിലെ ജലത്തിന്റെ ആറ് മടങ്ങോളം വരുമിത്. വെള്ളത്തിന്റെ താപനില 30 ഡിഗ്രി സെല്‍ഷ്യസായി ക്രമീകരിച്ചിരിക്കുന്നു. ലോകത്തില്‍ ആഴമേറിയ മറ്റ് നീന്തല്‍കുളങ്ങളുണ്ടെങ്കിലും പേള്‍ ഡൈവിങ് പൂള്‍ അവയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് ഡീപ് ഡൈവ് ദുബായ് ഡയറക്ടര്‍ ജറോഡ് ജബ്ലോന്‍സ്‌കി പറഞ്ഞു. നിലവില്‍ ക്ഷണിതാക്കള്‍ക്ക് മാത്രമാണ് പേള്‍ ഡൈവിങ് പൂള്‍ ആസ്വാദ്യമാകുന്നത്. ഈ വര്‍ഷം അവസാനത്തോടെ പൊതുജനങ്ങള്‍ക്കായി നീന്തല്‍ക്കുളം തുറന്നു നല്‍കും. 

 

Content Highlights: Dubai Crown Prince Shares Stunning Video Of World's Deepest Pool