വാഷിംഗ്ടണ്‍: ഡ്രൈവറില്ലാത്ത വാഹനങ്ങളുടെ പരീക്ഷണ ഓട്ടങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ലോകത്ത് പല കമ്പനികളും നടത്തിയിട്ടുണ്ട്. നിരവധി വാഹന നിര്‍മാതാക്കള്‍ ഈ മേഖലയില്‍ കൊണ്ടുപിടിച്ച പരീക്ഷണങ്ങള്‍ നടത്തിവരികയുമാണ്.

നിയന്ത്രിക്കുന്നതിന് മനുഷ്യ സഹായമില്ലാതെ ഒരു ഭീമന്‍ ട്രക്ക് നിറയെ ബിയറുമായി അതിന്റെ കന്നി ഓട്ടം പൂര്‍ത്തിയാക്കിയതാണ് ഈ രംഗത്തുനിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. 

ആഗോള ടാക്‌സി കമ്പനിയായ യൂബറിന്റെ ഭാഗമായ ഓട്ടോ എന്ന കമ്പനിയാണ് ഈ ഡ്രൈവറില്ലാത്ത ട്രക്കിനു പിന്നില്‍. 18 ചക്രങ്ങളുള്ള ഈ ഭീമന്‍ ട്രക്ക് ബഡ് വൈസര്‍ ബിയറുമായാണ് കന്നി യാത്ര നടത്തിയത്. ഫോര്‍ട്ട് കോളിന്‍സില്‍നിന്ന് ഡനവര്‍ വഴി കൊളറാഡോയിലേയ്ക്ക് ഏകദേശം 200 കിലോമീറ്ററായിരുന്നു യാത്ര. 

കാമറ, റഡാര്‍, സെന്‍സറുകള്‍ തുടങ്ങിയവയടങ്ങിയ സംവിധാനത്തിലൂടെ കൃത്രിമ ബുദ്ധിയുടെ പിന്‍ബലത്തിലാണ് വാഹനം സ്വയം ഡ്രൈവ് ചെയ്ത് തിരക്കേറിയ നഗരപാതകളിലൂടെ കടന്നുപോയത്. ട്രക്കില്‍ ഒരു ഡ്രൈവര്‍ ഉണ്ടായിരുന്നെങ്കിലും ഡ്രൈവിങ് സീറ്റിനു പുറകിലുള്ള ബര്‍ത്തില്‍ നിരീക്ഷണം നടത്തുക മാത്രമാണ് അദ്ദേഹം ചെയ്തത്.

അമേരിക്കയിലെ പ്രമുഖ ബിയര്‍ നിര്‍മാതാക്കളായ അന്‍ഹേഷര്‍-ബുഷ് എന്ന കമ്പനിയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കം എന്ന നിലയിലാണ് ബിയറുമായുള്ള പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയതെന്ന് ഓട്ടോ വക്താവ് പറഞ്ഞു. 

ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് യൂബര്‍ പിറ്റ്‌സ്ബര്‍ഗ്ഗില്‍ ഡ്രൈവറില്ലാത്ത കാറിന്റെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഡ്രൈവറില്ലാ വാഹനങ്ങളുടെ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ആഗസ്തില്‍ യൂബറും ഓട്ടോയും സംയുക്ത ശ്രമം ആരംഭിച്ചിരുന്നു. ഓട്ടോയുടെ സ്ഥാപകരിലൊരാളായ അന്തോണി ലെവാന്‍ഡോവ്‌സ്‌കിയാണ് ഇതിന്റെ തലവന്‍.