ഇസ്ലമാബാദ്: വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫ് മരണപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന്റെ മൃതശരീരം പാര്‍ലമെന്റിലേക്ക് വലിച്ചിഴക്കണമെന്നും മൂന്നുദിവസം കെട്ടിത്തൂക്കണമെന്നും പാകിസ്താനിലെ പ്രത്യേക കോടതി ഉത്തരവ്. 

ചൊവ്വാഴ്ചയാണ് 2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി മുഷ്‌റഫിന് വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ പിഴവുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കോടതിയുടെ പ്രഖ്യാപനം. 
ചികിത്സയില്‍ കഴിയുന്ന മുഷ്‌റഫിനെ പിടികൂടാന്‍ നിയമപാലകരോട് കോടതി നിര്‍ദേശിച്ചു. അഥവാ പിടിയിലാകുന്നതിന് മുമ്പ് മുഷ്‌റഫ് മരണപ്പെടുകയാണെങ്കില്‍ ഇസ്ലാമാബാദിലെ ഡി-ചൗക്കിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരാനും മൂന്നുദിവസത്തേക്ക് കെട്ടിത്തൂക്കാനുമായിരുന്നു അടുത്ത നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദേശങ്ങളെ ഭരണഘടനാ വിരുദ്ധമെന്നാണ് നിയമവിദഗ്ധര്‍ വിശേഷിപ്പിച്ചത്. 

പെഷവാറിലെ പ്രത്യേക കോടതിയാണ് മുഷ്‌റഫിന് വധശിക്ഷ വിധിച്ചത്. മുഷ്‌റഫ് കുറ്റക്കാരനാണെന്ന് 2014ല്‍ കോടതി കണ്ടെത്തിയിരുന്നു. വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഷ്‌റഫ് നല്‍കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. വിചാരണ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഷറഫ് ഹര്‍ജി നല്‍കിയിരുന്നത്.

2016 മുതല്‍ മുഷ്‌റഫ് ദുബായിലാണുള്ളത്. ഇപ്പോള്‍ അദ്ദേഹം അവിടെ ചികിത്സയില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. 1999 മുതല്‍ 2008 വരെയാണ് മുഷ്റഫ് പ്രസിഡന്റായിരുന്നത്. 2007ല്‍ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായ ബന്ധപ്പെട്ടാണ് മുഷ്‌റഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കാലത്തായിരുന്നു ഇത്.

Courtesy: Reuters

Content Highlights: Drag his body, hag for three days Pak courts order on Musharraf