വാഷിങ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഭാവിപദ്ധതികള്‍ക്കായുള്ള യാത്രികരുടെ സംഘത്തില്‍ മലയാളിയായ ഇന്ത്യന്‍ വംശജനും. ലഫ്റ്റനന്റ് കേണല്‍ ഡോ. അനില്‍ കുമാറാണ് പത്തംഗ പരിശീലന സംഘത്തിലുള്ളത്. നാലു സ്ത്രീകളടങ്ങുന്ന സംഘത്തെ നാസ ഭരണാധികാരി ബില്‍ നെല്‍സണാണ് പ്രഖ്യാപിച്ചത്. ഇതോടെ മലയാളി വേരുകളുള്ള ഒരാള്‍ ബഹിരാകാശത്തിലെത്താന്‍ വഴിയൊരുങ്ങി. മലയാളിയായ ശങ്കരന്‍ മേനോന്റെയും യുക്രൈന്‍കാരിയായ ലിസ സാമോലെങ്കോയുടെയും മകനാണ് 45-കാരനായ അനില്‍.

12,000 പേരില്‍നിന്നും കര്‍ശനമായ പരിശോധനകള്‍ക്കുശേഷമാണ് ഇവരെ തിരഞ്ഞെടുത്തത്. രണ്ടുവര്‍ഷത്തെ പരിശീലനം സംഘത്തിന് ലഭിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷണത്തിനും ചന്ദ്രനിലെയും ചൊവ്വയിലെയും പര്യവേക്ഷണങ്ങള്‍ക്കും ഇവരെ നിയോഗിക്കും.

nasa
നാസയുടെ ഭാവിപദ്ധതികള്‍ക്കായുള്ള യാത്രികരുടെ സംഘം | Photo - AFP

യു.എസ്. എയര്‍ഫോഴ്സിലെ ലഫ്റ്റനന്റ് കേണലും ഡോക്ടറുമായ അനില്‍ മേനോന്‍ സ്‌പേസ് എക്‌സ് കമ്പനിയുടെ ആദ്യ ബഹിരാകാശ ദൗത്യത്തില്‍ സര്‍ജനായി പ്രവര്‍ത്തിച്ചിരുന്നു. ഒട്ടേറെ ബഹിരാകാശനിലയ ദൗത്യങ്ങളില്‍ നാസയ്ക്കുവേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

യു.എസിലെ മിനിയാപോളിസില്‍ 1976-ലാണ് ജനനം. 1999-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്ന് ന്യൂറോബയോളജിയില്‍ ബിരുദം നേടി. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദവും. ഹാര്‍വാഡില്‍ ന്യൂറോബയോളജി പഠിക്കുകയും ഹണ്ടിങ്ടണ്‍സ് രോഗത്തെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. പോളിയോ തുള്ളിമരുന്ന് വിതരണത്തെക്കുറിച്ച് പഠിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി ഒരുവര്‍ഷത്തോളം ഇന്ത്യയിലും ചെലവഴിച്ചിട്ടുണ്ട്.

2010-ലെ ഹെയ്തി ഭൂകമ്പം, 2015-ലെ നേപ്പാള്‍ ഭൂകമ്പം എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. സ്‌പേസ് എക്‌സില്‍ ജോലിചെയ്യുന്ന അന്നാ മേനോന്‍ ആണ് ഭാര്യ. ദമ്പതിമാര്‍ക്ക് രണ്ടു മക്കളുണ്ട്.

Content Highlights: Dr Anil Menon NASA Astronauts