Photo: Lewis Joly/ AP Photo
യുക്രൈന് യുദ്ധത്തെത്തുടര്‍ന്ന് റഷ്യക്കെതിരേ തിരിഞ്ഞ യുറോപ്യന്‍ രാജ്യങ്ങള്‍ പക്ഷേ, അവരുടെ തിരിച്ചടിയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടിലായിരിക്കുകയാണ്. യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം വെട്ടിക്കുറച്ച റഷ്യന്‍ നടപടി യൂറോപ്പിനെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. യൂറോപ്പിലുടനീളം ഗ്യാസിന്റെ വില വര്‍ധിക്കാര്‍ ഈ നീക്കം കാരണമാകുകയും ചെയ്തു. ഫലമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പല യൂറോപ്യന്‍ രാജ്യങ്ങളും നിര്‍ബന്ധിതരായിരിക്കുകയാണ്.
പൊതുസ്മാരകങ്ങളിലെ ലൈറ്റുകള്‍ അണച്ചും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ ഹീറ്ററുകള്‍ ഓഫാക്കിയും ജര്‍മനി ഊര്‍ജ സംരക്ഷണ മാര്‍ഗങ്ങള്‍ പ്രഖ്യാപിച്ചത് ഏതാനും ദിവസം മുമ്പാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. പ്രകൃതിവാതകത്തിന്റെ ആവശ്യം ക്രമേണ കുറയ്ക്കാനും ശൈത്യകാലത്ത് ബ്ലാക്ക്ഔട്ടുകള്‍ ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ള യൂറോപ്യന്‍ യൂണിയന്റെ പദ്ധതിക്ക് അനുസൃതമാണ് രാജ്യത്തുടനീളം ഊര്‍ജ്ജ സംരക്ഷണ നടപടികള്‍. അടുത്ത മാര്‍ച്ചോടെ ഊര്‍ജ ഉപഭോഗം 15 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം. പ്രകൃതിവാതകത്തിന്റെ വിതരണം റഷ്യ പൂര്‍ണമായും നിര്‍ത്തലാക്കിയാല്‍ ഉണ്ടായേക്കാവുന്ന സാഹചര്യം മറികടക്കുകയാണ് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളിലൂടെ ജര്‍മനി ലക്ഷ്യമിടുന്നത്.
ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കടുത്ത ഊര്‍ജ്ജ ക്ഷാമമോ, ഉയര്‍ന്ന ഉപഭോഗമോ ഉണ്ടാകുകയാണെങ്കില്‍ നിര്‍ബന്ധിത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ കമ്മീഷന് നിര്‍ബന്ധിതമായേക്കാം. ഊര്‍ജ്ജ ഉപഭോഗം സ്വമേധയാ 15 ശതമാനം കുറയ്ക്കാനുള്ള യൂറോപ്യന്‍ യൂണിയന്റെ ആഹ്വാനം 17 അംഗരാജ്യങ്ങളില്‍ നിന്നുള്ള ഊര്‍ജ മന്ത്രിമാര്‍ അംഗീകരിച്ചപ്പോള്‍ ഹംഗറി മാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ചില രാജ്യങ്ങളും നഗരങ്ങളും ശൈത്യകാലത്തിന് മുന്നോടിയായി ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
ഫ്രാന്‍സ്
ഫ്രാന്‍സിന് ആവശ്യമായ ഊര്‍ജത്തിന്റെ ഭൂരിഭാഗവും ഏതാണ്ട് 70 ശതമാനത്തോളം ആണവോര്‍ജ്ജത്തില്‍ നിന്നാണ് ലഭിക്കുന്നത്. എന്നിരുന്നാലും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഊര്‍ജ്ജ ഉപഭോഗം 10 ശതമാനം കുറയ്ക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്. ശീതികരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളോട് വാതിലുകള്‍ അടച്ചിടണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അല്ലെങ്കില്‍ പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്.
തുറന്ന കഫേകളിലും ബാര്‍ ടെറസുകളിലും എസിയും ഹീറ്ററും ഉപയോഗിക്കുന്നതിനും ഫ്രാന്‍സില്‍ നിയന്ത്രണങ്ങളുണ്ട്. പുലര്‍ച്ച ഒരു മണിമുതല്‍ രാവിലെ ആറ് വരെ പ്രകാശാലംകൃതമായ പരസ്യങ്ങള്‍ക്ക് രാജ്യമെമ്പാടും നിരോധനമുണ്ട്. 26 ഡിഗ്രിയില്‍ കൂടുതല്‍ താപനിലയുണ്ടെങ്കില്‍ മാത്രമാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ എയര്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കാന്‍ അനുമതി.
ജര്‍മനി
തപനില ഉയര്‍ത്താന്‍ പ്രധാനമായും ജര്‍മനി പ്രകൃതി വാതകത്തെയാണ് ആശ്രയിക്കുന്നത്. 15 ശതമാനം മാത്രമാണ് വൈദ്യുതി ഇതിനായി ഉപയോഗിക്കുന്നത്. എന്നിരുന്നാലും രണ്ട് തരത്തിലുള്ള ഊര്‍ജ ഉപയോഗങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ജര്‍മനി. ഹാനോവറാണ് ഊര്‍ജ്ജ സംരക്ഷണ നടപടികള്‍ അവതരിപ്പിക്കുന്ന ആദ്യത്തെ പ്രധാന നഗരം. വിശ്രമ കേന്ദ്രങ്ങള്‍ പോലുള്ള ഇടങ്ങളില്‍ ഷവറുകളിലും ശുചിമുറികളിലും ചൂടുവെള്ളം നിര്‍ത്തലാക്കി. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ 20 ഡിഗ്രിയില്‍ കൂടുതല്‍ ചൂടാക്കാനാകില്ല. മൊബൈല്‍ എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകളും ഫാന്‍ ഹീറ്ററുകളും നിരോധിച്ചു.
മറ്റ് പ്രധാന നഗരങ്ങളിലെല്ലാം പൊതുസ്ഥലങ്ങളില്‍ ലൈറ്റുകളും ജലധാരകളും നിർത്തി. ബുധനാഴ്ച രാത്രി, ബെര്‍ലിന്‍ നഗരത്തിലെ ഏകദേശം 200 ചരിത്ര സ്മാരകങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളും ഇരുട്ടില്‍ മുങ്ങി. യുക്രൈന് യുദ്ധവും റഷ്യയുടെ ഊര്‍ജ ഭീഷണിയും നിലനില്ക്കുമ്പോള് നമ്മുടെ ഊര്‍ജ ഉപയോഗം കഴിയുന്നത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് ബെര്‍ലിന്‍ സെനറ്റര്‍ ബെറ്റിന ജരാഷ് പ്രതികരിച്ചത്.
ഇറ്റലി
ഈ വര്‍ഷം ജൂലൈ ആദ്യം മുതല്‍ തന്നെ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാനുള്ള പദ്ധതികള്‍ ഇറ്റലി പ്രാവര്‍ത്തികമാക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ നേരത്തെ അടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ രാജ്യം പരിഗണിച്ചിരുന്നു. പക്ഷേ, പുതിയ നിയന്ത്രണങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മേയ് മുതല്‍ സര്‍ക്കാര്‍ കെട്ടിടങ്ങളിലെ എയര്‍ കണ്ടീഷണറുകള്‍ക്കും ഹീറ്ററുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..