യുക്രൈനിൽനിന്ന് ഇന്ത്യൻ വിദ്യാർഥികൾ മടങ്ങിയെത്തിയപ്പോൾ (File Photo) | Photo: ANI
ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങളുമായി വിദേശകാര്യമന്ത്രാലയം. യുക്രൈന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് പോകാന്‍ ശ്രമിക്കണമെന്നും അവിടുത്തെ സമീപ നഗരങ്ങളില്‍ താമസിക്കാനുമാണ് നിര്‍ദേശം. നേരിട്ട് അതിര്‍ത്തിയിലേക്ക് പോകരുതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
അധികൃതരുമായി ബന്ധപ്പെട്ടതിനു ശേഷം മാത്രമേ സമീപരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലോവാക്യ, റൊമാനിയ, മോളഡോവ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് അതിര്‍ത്തിയിലേക്ക് പോകാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യ ആക്രമണം ആരംഭിക്കുന്നതിന് മുന്‍പ്, വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് മാനിച്ച് എണ്ണായിരത്തിലധികം ഇന്ത്യക്കാര്‍ യുക്രൈന്‍ വിട്ടിരുന്നെന്നും ബാഗ്ചി പറഞ്ഞു. ഓപ്പറേഷന്‍ ഗംഗ ദൗത്യത്തിന്റെ ഭാഗമായി, ആറുവിമാനങ്ങളിലായി ഇതുവരെ 1396 വിദ്യാര്‍ഥികള്‍ ഇന്ത്യയിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത 24 മണിക്കൂറിനിടെ മൂന്നു വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുക്കാറെസ്റ്റില്‍നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും ബൂഡാപെസ്റ്റില്‍നിന്ന് ഡല്‍ഹിയിലേക്കുമാണ് ഇവ എത്തുക.
വിദ്യാര്‍ഥികളും രക്ഷിതാക്കളും വിമാനത്തിന്റെ ലഭ്യതയെ കുറിച്ച് ആലോചിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. യുക്രൈന്‍ അതിര്‍ത്തി കടന്നാല്‍ കൂടുതല്‍ വിമാനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കും. ഇന്ത്യക്കാര്‍ യുക്രൈന്‍ അതിര്‍ത്തി സുരക്ഷിതരായി കടക്കുക എന്നതിനേക്കുറിച്ചാണ് തങ്ങള്‍ക്ക് പ്രധാന ആശങ്കയെന്നും ബാഗ്ചി പറഞ്ഞു.
അതേസമയം, കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നല്‍കാന്‍ നാല് കേന്ദ്രമന്ത്രിമാര്‍ യുക്രൈന്റെ അയല്‍രാജ്യങ്ങളിലേക്ക് പോകും. പോളണ്ടിലേക്ക് വി.കെ. സിങ്ങും സ്ലോവാക്യയിലേക്ക് കിരണ്‍ റിജിജിവും ഹംഗറിയിലേക്ക് ഹര്‍ദീപ് സിങ് പുരിയും ജ്യോതിരാദിത്യ സിന്ധ്യ റൊമാനിയയിലേക്കും മോളഡോവയിലേക്കുമാണ് പോവുക.
Content Highlights: dont reachborder directly says foreign ministry to indian students in ukraine
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..