വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു. കഴിഞ്ഞ ജനുവരിയില്‍ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് ട്രംപ് സ്വന്തമായി പുതിയ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്. 'ട്രൂത്ത് സോഷ്യല്‍' എന്നായിരിക്കും ഇതിന്റെ പേര്.

ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയത്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ് ആണ് ഇത് ആരംഭിക്കുന്നത്. അടുത്ത വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ത്തന്നെ അമേരിക്കയില്‍ ട്രൂത്ത് സോഷ്യല്‍ തുടക്കംകുറിക്കും. ആപ്പിന്റെ ബീറ്റ വെര്‍ഷന്‍ അടുത്ത മാസം അവതരിപ്പിക്കും. 

ട്രൂത്ത് സോഷ്യലിലൂടെ തന്റെ ആശയങ്ങള്‍ പങ്കുവെക്കുന്നതിനും ടെക്‌നോളജി ഭീമന് (ട്വിറ്റര്‍) തിരിച്ചടി നല്‍കുന്നതിനും കാത്തിരിക്കുകയാണെന്ന് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.

പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിനു പിന്നാലെ അരങ്ങേറിയ ട്രംപ് അനുകൂല പ്രക്ഷോഭത്തിന്റ സാഹചര്യത്തിലാണ് ട്രംപിന്റെ ട്വീറ്റുകളുടെ പേരില്‍ ട്വിറ്റര്‍ അദ്ദേഹത്തിന്റെ അക്കൗണ്ട് സ്ഥിരമായി റദ്ദാക്കിയത്. തനിക്കെതിരേ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് ഫേയ്‌സ്ബുക്ക്, ഗൂഗിള്‍ എന്നിവയും ട്രംപ് ഉപേക്ഷിച്ചിരുന്നു. 

Content Highlights: Donald Trump to launch social media platform 'TRUTH Social' soon