വാഷിങ്ടണ്‍: ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളുടെ സമാധാനം നിലനിര്‍ത്തുന്നതിനായി സാധ്യമായതെല്ലാം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ട്രംപ് ഭരണകൂടം ഇന്ത്യയെ പിന്തുണച്ച് പലതവണ പരസ്യമായി രംഗത്തെത്തിയിരുന്നു. 

ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളെ സ്‌നേഹിക്കുന്നുവെന്നും ജനങ്ങളുടെ സമാധാനം നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലെ മക്‌നാനിയാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്‌. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ട്രംപ് നല്‍കാന്‍ ആഗ്രഹിക്കുന്ന സന്ദേശമെന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. 

കഴിഞ്ഞദിവസം വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് ലാരി കുഡ്‌ലോ ഇന്ത്യയെ മികച്ച സഖ്യകക്ഷിയായി വിശേഷിപ്പിച്ചിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ സുഹൃത്താണ് ഡൊണാള്‍ഡ് ട്രംപെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇന്ത്യയെ യുഎസിന്റെ മികച്ച പങ്കാളിയെന്ന് വിശേഷിപ്പിച്ചത്. യൂറോപ്പിലെ സന്ദര്‍ശനത്തിനിടെ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബെര്‍ട്ട് ഒബ്രിയോനും ഇന്ത്യക്ക് അനുകൂലിച്ച്‌ പരാമര്‍ശം നടത്തിയിരുന്നു.

വൈറ്റ് ഹൗസിന്റെ പ്രസ്താവനയെ വിക്ടറി ഇന്ത്യന്‍ അമേരിക്കന്‍ ഫിനാന്‍സ് കമ്മിറ്റിയിലെ അല്‍ മേസണ്‍ സ്വാഗതം ചെയ്തു. മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് ട്രംപ് പരസ്യമായി ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചൈനയെ വേദനിപ്പിക്കുമെന്ന ഭയത്താല്‍ മുന്‍ പ്രസിഡന്റുമാര്‍ ഇന്ത്യക്ക് പരസ്യ പിന്തുണ നല്‍കാന്‍ ധൈര്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:Donald Trump says he wants to do everything possible to keep peace for the people of India and China