സിയോൾ: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എയർഫോഴ്സ് വണ്ണിൽ സവാരി വാഗ്ദാനം നൽകിയിരുന്നതായി റിപ്പോർട്ട്. ബിബിസിയുടെ ഡോക്യുമെന്ററിയിലാണ് ഇത് സംബന്ധിച്ച പരാമർശമുളളത്.

2019ൽ വിയറ്റ്നാമിൽ വെച്ച് നടന്ന ഉച്ചകോടിക്ക് ശേഷം എയർഫോഴ്സ് വണ്ണിൽ കിമ്മിന് 'ലിഫ്റ്റ്' വാഗ്ദാനം ചെയ്യുകവഴി ട്രംപ് ലോകത്തെ ഏറ്റവും പരിചയ സമ്പന്നരായ ഡിപ്ലോമാറ്റുകളെ കൂടി അമ്പരിപ്പിക്കുകയായിരുന്നുവെന്ന് ബിബിസി ഡോക്യുമെന്ററിയിൽ പറയുന്നു.

കിം ഒന്നിലധികം ദിവസങ്ങൾ ട്രെയിനിൽ സഞ്ചരിച്ചാണ് ഹനോയിയിൽ എത്തിയതെന്ന് പ്രസിഡന്റിന് അറിയാമായിരുന്നു. നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ എനിക്ക് നിങ്ങളെ രണ്ടുമണിക്കൂറിനുളളിൽ വീട്ടിലെത്തിക്കാൻ സാധിക്കുമെന്നാണ് കിമ്മിനോട് ട്രംപ് പറഞ്ഞത്. എന്നാൽ കിം ട്രംപിന്റെ വാദ്ഗാനം നിരസിച്ചു. - ട്രംപിന്റെ നാഷണൽ സെക്യൂരിറ്റി കൗൺസലിലെ ഏഷ്യയിലെ വിദഗ്ധൻ മാത്യു പോറ്റിങ്കെർ ബിബിസിയോട് പറഞ്ഞു.

ഡൊണാൾഡ് ട്രംപ് കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ചയെ അദ്ദേഹത്തിന്റെ ഭരണകാലത്തെ പ്രധാന നിമിഷങ്ങളിലൊന്നായാണ് കണക്കാകുന്നത്. എന്നാൽ കിമ്മുമായുളള ഹാനോയിയിലെ രണ്ടാമത്തെ ഉച്ചകോടി പ്രതീക്ഷിച്ചതു പോലെ മുന്നോട്ടുപോയിരുന്നില്ല. ഉത്തരകൊറിയയുടെ ആണവ പദ്ധതികളെ കുറിച്ചുളള ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കിമ്മിന് എയർഫോഴ്സ് വണ്ണിൽ ട്രംപ് ലിഫ്റ്റ് വാഗ്ദാനം നൽകിയത്.

 

Content Highlights:Donald Trump Offered Kim a lift on air force one