വാഷിംഗ്ടണ്‍: ആഫ്രിക്കന്‍ രാജ്യങ്ങളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാപ്പ് പറയണമെന്ന് ആഫ്രിക്കന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ട്രംപ് ഭരണകൂടം ആഫ്രിക്കന്‍ ജനതയെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും യൂണിയന്‍ വക്താക്കള്‍ അഭിപ്രായപ്പെട്ടു.

കുടിയേറ്റ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് ആഫ്രിക്കന്‍ രാജ്യങ്ങളെ സഭ്യേതരമായ വാക്കുപയോഗിച്ച് ട്രംപ് വിശേഷിപ്പിച്ചത്. എന്തിനാണ് ഇത്തരം ഷിറ്റ്‌ഹോള്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ അമേരിക്ക സ്വീകരിക്കുന്നതെന്നായിരുന്നു ട്രംപിന്റെ ചോദ്യം. 

പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. താന്‍ നടത്തിയ പദപ്രയോഗം കഠിനമായിരുന്നെന്ന് സമ്മതിക്കുന്നതായും എന്നാല്‍ ആരോപണത്തില്‍ ഉന്നയിക്കുന്നതുപോലെയുള്ള വാക്ക് താന്‍ ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു ട്രംപിന്റെ വിശദീകരണ ട്വീറ്റ്. പക്ഷേ, ഈ വിശദീകരണത്തില്‍ തൃപ്തരല്ല ആഫ്രിക്കന്‍ യൂണിയന്‍. 

ട്രംപിന്റെ പ്രസ്താവനയില്‍ ഞെട്ടലും അമര്‍ഷവും രേഖപ്പെടുത്തുന്നെന്നും അദ്ദേഹം മാപ്പ് പറയണമെന്നുമാണ് ആഫ്രിക്കന്‍ യൂണിയന്റെ നിലപാട്. അമേരിക്കന്‍ ഭരണകൂടവും ആഫ്രിക്കന്‍ രാജ്യങ്ങളും തമ്മില്‍ ഗൗരവതരമായ ചര്‍ച്ച നടത്തേണ്ട ആവശ്യമുണ്ടെന്നും യൂണിയന്‍ അഭിപ്രായപ്പെട്ടു.